ആലപ്പുഴ : പൊട്ടിത്തെറി പോലൊരു ശബ്ദം കേട്ട് അയൽ വാസികളായ ജോയിയുടെയും സുജാതയുടെയും അലമുറയുയർന്നു.''ജ്യോതിയുടെ വീട് പോയെ .....,'' ഞൊടിയിടയിൽ കുട്ടമംഗലം മുല്ലശേരി ചിറയിൽ അജിമോന്റെയും ജ്യോതിയുടെയും വീട് മടവീണ് ഇരമ്പിയെത്തിയ വെള്ളം കവർന്നു . ഒാടിയെത്തിയവർ ആദ്യം അന്വേഷിച്ചത് വീട്ടുകാരായ അഞ്ചംഗ കുടുംബത്തെപ്പറ്റിയാണ്. അജിമോനും ജ്യോതിയും മക്കളും അജിമോന്റെ അച്ഛൻ രാഘവനും പച്ചയിൽ ജ്യോതിയുടെ സഹോദരിയുടെ വീട്ടിലായിരുന്നതു കൊണ്ട് ജീവൻ തിരിച്ചുകിട്ടി. വീട് തകർന്നതറിഞ്ഞെത്തിയ അജിമോനും ജ്യോതിയും ഇപ്പോൾ ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. ഇവിടെ വച്ച് ഇരുവരെയും കണ്ട അയൽവാസികൾക്ക് ഒന്നേ പറയാനുള്ളൂ. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം. ഒരു ശസ്ത്രക്രിയയെത്തുടർന്നാണ് ജ്യോതിയും കുടുംബവും കഴിഞ്ഞ ജൂൺ 19 മുതൽ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.
മക്കളായ അജിലും അതുലും അജിമോന്റെ അച്ഛൻ രാഘവനും വീടു നഷ്ടപ്പെട്ട വിവരം ഇതുവരെ അറിഞ്ഞിട്ടില്ല. പച്ചയിൽ സഹോദരിയുടെ വീട്ടിലാണ് ഇവരിപ്പോഴും. മൂത്തമകൻ അജിലിന് 24 ന് പരീക്ഷ തുടങ്ങും. അതിന് മുമ്പ് വീട്ടിലെത്താമെന്നാണ് കുടുംബം കരുതിയിരുന്നത്. 'ഇനി അവിടേക്ക് പോകണ്ടല്ലോ" എന്ന് പറഞ്ഞ് ജ്യോതി വിതുമ്പുമ്പോൾ ആശ്വസിപ്പിക്കാനെത്തിയവർക്കും വാക്കുകൾ മുട്ടി. വീടിരുന്ന സ്ഥലം ഇപ്പോൾ കണ്ടാൽ തിരിച്ചറിയില്ല. ഇവിടെ ഒരു വീടുണ്ടായിരുന്നെന്നുപോലും തോന്നില്ല.
കഴിഞ്ഞ പ്രളയത്തിൽ നശിച്ച വീടിന്റെ പണി പൂർത്തീകരിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. വീട്ടുസാധനങ്ങൾ വാങ്ങിയത് കടംമേടിച്ചാണ്. സർക്കാരിൽ നിന്ന് 60000 രൂപ കിട്ടിയെങ്കിലും അതിന്റെ ഇരട്ടിയിലധികം തുക മുടക്കിയാണ് രണ്ടാം ജീവിതം കെട്ടിയുയർത്തിയത്. കൂലിപ്പണിയെടുത്ത് കടം വീട്ടാമെന്ന വിശ്വാസവുമുണ്ടായിരുന്നു.
'മക്കളെ പഠിപ്പിക്കണം, അച്ഛന്റെ ചികിത്സ,വീട്ട് ചെലവ്..." ഈ ദമ്പതികളുടെ വാക്കുകൾ ഇടറുകയാണ്. 'സർക്കാർ തുണച്ചാൽ ജീവിക്കും, അല്ലെങ്കിൽ എന്ത് ചെയ്യും. ഈ ക്യാമ്പിൽ നിന്ന് എങ്ങോട്ട് പോകണമെന്നറിയില്ല"- അജിയുടെ വാക്കുകൾ മടവീഴും പോലെ മുറിഞ്ഞു.