കോട്ടയം: മഴയും പ്രളയവും അൽപ്പമൊന്ന് ശമിച്ചെങ്കിലും മുണ്ടക്കയം താലൂക്ക് ആശുപത്രിയിലെ തിരക്കിന് ഒട്ടും കുറവില്ല. ദിവസേന 600ലധികം രോഗികളാണ് ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ഇവരെ പരിചരിക്കാൻ രണ്ട് നഴ്സുമാർ മാത്രം. കുറ്റം പറയരുതല്ലോ, നഴ്സുമാർ ഇല്ലാഞ്ഞിട്ടല്ല. അവർ അദർ ഡ്യൂട്ടിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലാണ് പലർക്കും ഡ്യൂട്ടി. ഇതോടെ പനിബാധിച്ചും മറ്റും ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സകിട്ടാത്ത അവസ്ഥയാണുള്ളത്. രോഗികളുടെ ബാഹല്യം കാരണം ഡോക്ടർമാർ കുറിക്കുന്ന മരുന്ന് കൊടുക്കാൻ പോലും ഇപ്പോൾ നഴ്സുമാരില്ലാത്ത അവസ്ഥയാണ്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടെന്ന് രോഗികൾ തന്നെ പറയുന്നു. ആശുപത്രിയിലെത്തുന്നവരിൽ അധികവും തോട്ടം തൊഴിലാളികളാണ്. കൂട്ടിക്കൽ, കോരൂത്തോട്, മുണ്ടക്കയം പ്രദേശത്തു നിന്ന് മാത്രമല്ല, കുട്ടിക്കാനത്തുനിന്നുപോലും ഇവിടെ കൂടുതലായി രോഗികൾ എത്തുന്നുണ്ട്. മഴയെ തുടർന്ന് മിക്ക ലയങ്ങളിലും പനി പടർന്നുകഴിഞ്ഞു. കൂടാതെ ഛർദ്ദിയും അതിസാരവും കാരണം കൂടുതൽ പേർ രോഗികളായി. പകർച്ചപ്പനി ആയതിനാൽ ഉടൻ ചികിത്സ ലഭിക്കേണ്ടതുണ്ട്. രാവിലെ നീണ്ട ക്യുവിൽ നിന്നുവേണം ഒ.പി ടിക്കറ്റ് സ്വന്തമാക്കാൻ. അത് കിട്ടിയിട്ടും കാര്യമില്ല. ഡോക്ടർമാരെ കാണണമെങ്കിൽ പിന്നെയും ക്യുവിൽ നിൽക്കണം. പനിപിടിച്ച് വിറച്ച് നിൽക്കുന്നവർ ക്യൂവിൽ തളർന്ന് വീഴുന്നത് ഇവിടെ പതിവാണ്. ഡോക്ടറെ കണ്ട് മരുന്ന് കുറിച്ചാലും അത് കൈയിൽ കിട്ടണമെങ്കിൽ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടിവരും. കുത്തിവയ്പിനായും കാത്തിരിക്കണം മണിക്കൂറുകൾ. മുണ്ടക്കയം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ഗതികേടാണിത്. നഴ്സുമാരുടെ അദർ ഡ്യൂട്ടിയാണ് മുണ്ടക്കയം സർക്കാർ ആശുപത്രിയെ ഈ നിലയിൽ എത്തിച്ചതെന്നും കൂടുതൽ നഴ്സുമാരെ നിയമിക്കണമെന്നും രോഗികൾ ആവശ്യപ്പെടുന്നു.