ആലപ്പുഴ: പ്രളയജലം പിൻവാങ്ങാൻ തുടങ്ങിയതോടെ തൊടിയിലും ചുവരിലും വരെ ഒച്ചുകൾ പറ്റിപ്പിടിച്ചിരിക്കുകയാണ്. മഴയോടൊപ്പം ആഫ്രിക്കൻ ഒച്ചുകളുടെ എണ്ണവും പെരുകുകയാണ്. വിളകളുടെ ഇലകൾ തിന്നുതീർക്കുന്നതുകൊണ്ട് കൃഷിക്കും ആരോഗ്യത്തിനും ഒരുപോലെ ഭീഷണി ഉയർത്തുന്നുണ്ട് ആഫ്രിക്കൻ ഒച്ചുകൾ.
ഏതാനും ആഴ്ചകൾ കൊണ്ടാണ് ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വ്യാപകമായത്. നിരുപദ്രവകാരികളെന്ന് കരുതി അവഗണിക്കാൻ കഴിയാത്ത ഇത്തരം ഒച്ചുകൾ മനുഷ്യ ജീവന് തന്നെ അപകടകാരികളാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് നൽകുന്നു. മൂന്നുവർഷംവരെ സുഷുപ്താവസ്ഥയിലിരിക്കാൻ കഴിവുള്ള ഒച്ചുകൾ അഞ്ചുവർഷംവരെ ജീവിക്കുമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവയെ തുരത്തുകയെന്നത് എളുപ്പമല്ല. വർഷകാലത്താണ് ഇവയെ കൂടുതലായി പുറത്തുകാണുക. കൃഷിയിടങ്ങളിൽ ഇവ ഉണ്ടാക്കുന്ന ഉപദ്രവങ്ങൾ ചില്ലറയല്ലെന്ന് കർഷകരും പറയുന്നു. ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകൾ ഒച്ചുകൾ തിന്നുതീർക്കുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. മസ്തിഷ്‌കരോഗങ്ങൾക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവിഗ്ദ്ധരും വ്യക്തമാക്കുന്നു.
കോൺക്രീറ്റിലാണ് നോട്ടം
കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ ഇവയ്ക്ക് വാസയോഗ്യമല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കാത്സ്യം ലഭിക്കാൻ കോൺക്രീറ്റ് നിർമിത വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കും. ഇതാണ് വീടുകളിലെത്താൻ കാരണമാകുന്നത്. മതിലുകൾക്ക് ബലക്ഷയമുണ്ടാകാനും ഇതു കാരണമാകും.ആൻജിയോസ്‌ട്രോഞ്ചൈലിസ് കാന്റോനെൻസിസ് എന്ന വിരയുടെ വാഹകരയതിനാൽ ഇസ്‌നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗമുണ്ടാക്കും.ഇക്കാര്യത്തിൽ മുൻകരുതലുകൾ അനിവാര്യമാണ്.
എടുക്കാം, ചില കരുതലുകൾ
ഒച്ചിനെ സ്പർശിച്ചാൽ കൈ നന്നായി കഴുകി ശുചിത്വം ഉറപ്പാക്കണം. ഒച്ചിന്റെ ശരീരത്തിൽനിന്ന് വരുന്ന ദ്രവം ശരീരത്തിൽ പറ്റാതെ സൂക്ഷിക്കുക. ഒച്ചിനെ ഭക്ഷിക്കുന്ന ജീവികളെ ഭക്ഷണമായി ഉപയോഗിക്കമ്പോൾ നന്നായി വേവിച്ചതിനശേഷം മാത്രം കഴിക്കുക. ഒച്ചിന്റെ ദ്രവവും കാഷ്ടവും പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ നന്നായി കഴുകിയതിനു ശേഷം മാത്രം പച്ചക്കറികൾ ഉപയോഗിക്കുക. കുടിവെള്ളത്തിലും ഒച്ചിന്റെ സാനിധ്യം ഉണ്ടാവാം. അതിനാൽ തിളപ്പിച്ച ശേഷം മാത്രം വെള്ലം കുടിക്കുക.