അയ്മനം: ക്ഷീരകർഷകരായ അയ്മനം കല്ലുങ്കൽ റെജിയ്ക്കും ചേട്ടൻ വറുഗീസിനും മഴകനത്തപ്പോൾ ദുരിതവും തുടങ്ങി. അഞ്ച് കറവപ്പശുക്കളുണ്ട്. അത്രത്തോളം ക്ടാവുകളും. തൊഴുത്ത് മുങ്ങിയപ്പോൾ കാലികളെ ഒന്നടങ്കം റോഡിലേയ്ക്ക് മാറ്റി. പശുവിന് കൊടുക്കാൻ പുല്ലില്ല. പാടത്ത് വെള്ളംകയറിയതിനാൽ പുല്ല് ചെത്താൻ കഴിയില്ല. കച്ചിയുടെ സ്റ്റോക്കും തീർന്നു. നാൽപ്പത് ലിറ്റർ പാൽ കിട്ടിയിരുന്നത് 20 ലിറ്ററായി കുറഞ്ഞു. സർക്കാർ എത്തിക്കാമെന്ന് പറഞ്ഞ തീറ്റയും കൃത്യമായി കിട്ടുന്നില്ല. കാലിത്തീറ്റ വിലവർദ്ധനവിൽ നട്ടം തിരിയുന്ന ക്ഷീരകർഷകർക്ക് വീണ്ടും ഇരുട്ടടിയായിരിക്കുകയാണ് വെള്ളപ്പൊക്കം.

പുലിക്കുട്ടിശേരി ഉരുവാപ്പറമ്പിൽ ജയപ്രസാദിൻ്റെ ജീവിതം തന്നെ വെള്ളത്തിലാണ്. ആട്ടിൻകൂടും തൊഴുത്തും കോഴിക്കൂടുമെല്ലാം വെള്ളത്തിൽ. മിണ്ടാപ്രാണികളെ തനിച്ചാക്കാൻ കഴിയാത്തതിനാൽ ക്യാമ്പിലേയ്ക്കും പോയില്ല. 10 കറവപ്പശുവുണ്ട്. ആറ് ക്ടാവുകളും. 25 കോഴികളും താറാവുകളുമെല്ലാം ഉണ്ട്. നാലുദിവസം മുൻപേ 3 ആട്ടിൻകുട്ടികൾ ചത്തു. ഒപ്പമുണ്ടായിരുന്ന ആടുകളെ പിറ്റേന്ന് കിട്ടിയ വിലയ്ക്ക് വിറ്റു. ഇനിയം വെള്ളമിറങ്ങിയില്ലെങ്കിൽ ജീവിതം പെരുവഴിയിലാകുമെന്നതിൻ്റെ വേദനയിലാണ് അദ്ദേഹം.

തീറ്റയ്ക്ക് ക്ഷാമം

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തേക്കാൾ ദുരിതമാണ് ഇക്കുറിയെന്ന് ക്ഷീരകർഷകർ പറയുന്നു. പാടത്ത് വെള്ളംകയറി പുല്ല് ചീഞ്ഞപ്പോൾ സന്നദ്ധ സംഘടകൾ എത്തിച്ച വൈക്കോലും കാലിത്തീറ്റയുമായിരുന്നു ആശ്രയം. എന്നാൽ ഇക്കുറി സർക്കാരിന് പോലും ആവശ്യത്തിന് തീറ്റ എത്തിക്കാൻ കഴിയുന്നില്ല. കാലിത്തീറ്റ മാത്രം കൊടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ പുല്ലുംവൈക്കോലും അത്യാവശ്യമാണ്. ഇവയൊന്നും കിട്ടുന്നില്ല.

തീറ്റയെത്തിക്കും

" അയ്മനത്ത് ഒരാഴ്ചത്തേയ്ക്കെങ്കിലും കാലിത്തീറ്റ അത്യാവശ്യമാണ്. ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷീരകർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള സംവിധാനവും ഒരുക്കും"

- ഡോ.ജോബി ജോർജ്, അയ്മനം വെറ്ററിനറി ആശുപത്രി

നഷ്ടം 6.83 ലക്ഷം

കനത്ത മഴയിൽ ഇതുവരെ മൃഗസംരക്ഷണ മേഖലയിൽ 6.83 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 7 പശുക്കളും 12 കിടാരികളും 19 ആടുകളും 8 എരുമക്കിടാങ്ങളും 750 കോഴികളും,​ 210 താറാവുകളും ചത്തതായാണ് ഇതുവരെയുള്ള കണക്ക്. 10 കാലിത്തൊഴുത്തും 10 കോഴിക്കൂടുകളും 3 ആട്ടിൻകൂടുകളും നശിച്ചു.

നഷ്ടപരിഹാരം

കറവ പശു- 60,000

ക്ടാവ്- 12,​000

എരുമ- 10,​000

കോഴി-100

താറാവ്- 200