കോട്ടയം: അതിജീവനപ്പോരാട്ടം തുടരാൻ സംസ്ഥാനത്തെ ജനങ്ങൾ പരിശ്രമിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മതേതരത്വവും തകർക്കുന്നതിനായി പ്രവർത്തിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരെ ജാഗ്രത പുലർത്താനും നമുക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പരേഡ് പരിശോധിച്ച മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പൊൻകുന്നം പൊലീസ് ഇൻസ്‌പെക്ടർ വി.കെ. വിജയരാഘവനായിരുന്നു പരേഡ് കമാൻഡർ. ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് റിസേർവ് എസ്.ഐ. ഡി. ജയകുമാർ, മണർകാട് സബ് ഇൻസ്‌പെക്ടർ ആർ. വിനോദ് എന്നിവർ സിവിൽ പൊലീസിന്റെ ഒന്നും രണ്ടും പ്ലാറ്റൂണുകളുടെ കമാൻഡർമാരായിരുന്നു.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ വനിതാ സബ് ഇൻസ്‌പെക്ടർ പി. ആർ സതി വനിതാപോലീസ് പ്ലറ്റൂണും വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എക്‌സൈസ് പ്ലാറ്റൂണും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി മഹേഷ് ഫോറസ്റ്റ് പ്ലാറ്റൂണും വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ. പ്രീതി എക്‌സൈസ് വനിതാ പ്ലാറ്റൂണും നയിച്ചു. സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ആൺകുട്ടികളുടെ പ്ലാറ്റൂണിന് അശ്വിൻ പ്രകാശും പെൺകുട്ടികളുടെ പ്ലറ്റൂണുകൾക്ക് വൈഷ്ണവി, ആൻ മരിയാ എബ്രാഹം എന്നിവരും നേതൃത്വം നൽകി.

ആൺകുട്ടികളുടെ എൻ.സി.സി സീനിയർ ഡിവിഷൻ (ആർമി) പ്ലറ്റൂൺ തോമസ് ചാക്കോ, പെൺകുട്ടികളുടെ എൻ.സി.സി സീനിയർ ഡിവിഷൻ (ആർമി) പ്ലറ്റൂൺ നവ്യാ ജെ നായർ, എൻ.സി.സി സീനിയർ ഡിവിഷൻ (നേവി) പ്ലറ്റൂൺ പി.എസ് അക്ഷയ് എന്നിവർ നയിച്ചു.

എൻ.സി.സി ജൂനിയർ ഡിവിഷൻ ആർമി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണുകൾക്ക് യഥാക്രമം വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ ഗൗതം സജീവും അതുല്യ അജയകുമാറും നേതൃത്വം നൽകി.

കുടമാളൂർ സെന്റ് മേരീസ് യു.പി സ്‌കൂളിലെ ടോണിമോൻ ജേക്കബ്, എസ്.ബി എച്ച്.എസ്.എസ് ചങ്ങനാശ്ശേരിയിലെ സാവിയോ സാജു എന്നിവർ സ്‌കൗട്ട് പ്ലാറ്റൂണുകളും കോട്ടയം മൗണ്ട് കാർമ്മൽ ജി. എച്ച്. എസ്. എസിലെ നിദ്യാ അന്നാ തോമസ്, ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാ വിജയൻ എന്നിവർ ബാൻഡ് പ്ലറ്റൂണുകളും നയിച്ചു. കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലെ വിദ്യാർഥികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു.
ജില്ലാ കളക്ടർ പി.കെ. സൂധീർ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, സബ് കളക്ടർ ഈഷ പ്രിയ, അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, ജനപ്രതിനിധികൾ, രാഷ്ട്രീയസാമൂഹ്യ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.