തലയോലപ്പറമ്പ് : പ്രളയത്തിൽ വീടും കൃഷിയും വീട്ടുപകരണങ്ങളും നശിച്ച് ദുരിതത്തിലായ വയനാട് മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ മൂന്ന് ആദിവാസി കോളനികളിലെ നിർദ്ധന കുടുംബങ്ങൾക്ക് സാന്ത്വനമേകാൻ കേരളാ കോൺഗ്രസ് എം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി വയനാട്ടിലേയ്ക്ക്.
തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി, തുറുമ്പുർ, മീൻ കൊല്ലി എന്നീ മൂന്ന് കോളനികളിലെ 140 കുടുംബങ്ങൾക്കായി വിതരണം ചെയ്യാൻ 3500 കിലോഗ്രം അരിയാണ് കൊണ്ടുപോയത്. ഒരു കുടുംബത്തിന് 25 കിലോഗ്രാം അരി വീതമാണ് നൽകുക. പാർട്ടി അനുഭാവികളിൽ നിന്നും സുമനസുകളിൽ നിന്നും സഹായം സ്വീകരിച്ചാണ് അരി സംഭരിച്ചത്. ഇന്നലെ രാവിലെ 10ന് തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരള കോൺഗ്രസ് (എം)വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ, അഡ്വ.ജയിംസ് കടവൻ, ജില്ലാ പഞ്ചായത്ത് അംഗം മേരി സെബാസ്റ്റ്യൻ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, കോൺഗ്രസ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.ടി.ജയിംസ്, മുസ്ലിം ലീഗ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ പുത്തൻപുര, സജി നടുവിലേക്കുറിച്ചി, ജോസ് വേലിക്കകം,സിറിൾ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.