ചങ്ങനാശേരി : മകൾക്കായി വാടകവീട് അന്വേഷിച്ചിറങ്ങിയ ശോഭനയെ തേടിയെത്തിയത് മരണം. അതും മകളുടെ കൺമുന്നിൽ. മകൾ ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങൂർ ഇളമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യ ശോഭന (54) ആണ് മരിച്ചത്. മകൾ ഗീതു (27) നെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.50ഓടെയായിരുന്നു അപകടം. എസ് ബി കോളേജിന് സമീപം കെ ആർ ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ഗീതു. മോർക്കുളങ്ങര ഭാഗത്തു നിന്ന് വന്ന സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷൻ പാലാത്ര റോഡിലൂടെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ നിറുത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ശോഭനയെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസംപ്ഷൻ കോളേജ് ഹോസ്റ്റലായ വിമലാ ഹോസ്റ്റലിലെ ജീവനക്കാരിയാണ് ഇവർ. കോളേജ് ഹോസ്റ്റലിന് സമീപം ആശാരിപറമ്പ് എന്ന വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവർ. വാടക കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മറ്റൊരു വീട് അന്വേഷിച്ചിറങ്ങിയത്.