sobana

ചങ്ങനാശേരി: സ്വാതന്ത്ര്യദിനത്തിൽ സ്‌കൂട്ടറിൽ കാറിടിച്ച് മകൾക്കൊപ്പം സഞ്ചരിച്ച അമ്മ മരിച്ചു. സ്കൂട്ടർ ഒാ‌ടിച്ചിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊടുങ്ങൂർ ഇളംമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യ ശോഭനയാണ് (56) മരിച്ചത്. മകൾ ഗീതുവിനെ (27) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇടിച്ച കാർ നിർത്താതെ പോയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കറുകച്ചാൽ സ്വദേശിയുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. ഗീതുവും ശോഭനയും സ്കൂട്ടറിൽ ചങ്ങനാശേരി ബൈപ്പാസിൽ മോർക്കുളങ്ങര ഭാഗത്തു നിന്നു വരികയായിരുന്നു. പാലത്രച്ചിറ ഭാഗത്ത് നിന്ന് ബൈപാസ് റോഡിലൂടെ കറുകച്ചാൽ ഭാഗത്തേക്ക് അമിത വേഗത്തിൽ എത്തിയ കാർ ഇവരുടെ സ്‌കൂട്ടറിൽ ഇടിച്ചു. റോഡിലേയ്ക്ക് വീണ ഇരുവരെയും നാട്ടുകാർ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ശോഭന മരണമടഞ്ഞു. ഇടുപ്പെല്ലിനും ശരീരത്തും ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ശോഭനയുടെ മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ കാക്കാം തോട്ടിലെ തറവാട്ട് വീട്ടിലെത്തിച്ചു.തുടർന്ന് കൊടുങ്ങൂരിലെ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മക്കൾ: ഗീതു, നീതു. മരുമക്കൾ: ജസ്റ്റിൻ , രാഹുൽ . സഹോദരങ്ങൾ. എം എസ് സുനിൽ (സി.പി.എം മറ്റം ബ്രാഞ്ച് സെക്രട്ടറി) സുരേഷ് കുമാർ, പ്രമീള, മിനി, തങ്കമണി.