കോട്ടയം:കേരള കോൺഗ്രസ് (ജേക്കബ്) പിളർത്തി സംസ്ഥാന ജനറൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ബിജു മറ്റപ്പള്ളിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കേരളകോൺഗ്രസ് ജോസ് വിഭാഗത്തിൽ ലയിച്ചതിനെതിരെ പ്രതിഷേധവുമായി പാർട്ടി നേതാക്കളായ അനൂപ് ജേക്കബും ജോണി നെല്ലൂരും രംഗത്തെത്തി.

പാർട്ടി അംഗങ്ങളെ അടർത്തിയെടുക്കുന്ന നയം മുന്നണി മര്യാദയുടെ ലംഘനമാണെന്നുള്ള പ്രതിഷേധം അനൂപ് ജേക്കബ് ജോസ് കെ. മാണിയെ അറിയിച്ചതോടെ കേരളകോൺഗ്രസ് ജോസ് -ജോസഫ് പിളർപ്പിൽ ന്യൂട്രൽ കളി തുടരുന്ന യു.ഡി.എഫിന് ഇത് മറ്റൊരു തലവേദനയായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായ് യു.ഡി.എഫിൽ സമ്മർദ്ദം ശക്തമാക്കാൻ ജേക്കബ് വിഭാഗം ശ്രമിക്കുന്നതിനിടയിലായിരുന്നു ബിജു മറ്റപ്പള്ളി, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടി എന്നിവർക്കാപ്പം പാർട്ടി പിളർത്തി ജോസ് വിഭാഗത്തിലെത്തിയത്.ജേക്കബ് ഗ്രൂപ്പിൽ നിന്ന് കൂടുതൽ പ്രവർത്തകർ ഇനിയും വരുമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടവും മീഡിയ കോ -ഒാർഡിനേറ്റർ വിജി എം. തോമസും അറിയിച്ചതോടെയാണ് ജേക്കബ് ഗ്രൂപ്പ് പിളർത്താൻ ജോസ് വിഭാഗം ശ്രമിക്കുകയാണെന്ന ആരോപണവുമായി നേതാക്കൾ രംഗത്തുവന്നത്

കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിനുള്ള ചർച്ച ജേക്കബ് വിഭാഗം ചെയർമാൻ ജോണിനെല്ലൂർ നടത്തിയിരുന്നു. മൂന്ന് എം.എൽ.എമാരുള്ള ജോസഫ് വിഭാഗത്തിന് ജോസ് വിഭാഗത്തിലും കൂടുതൽ എം.എൽ.എമാരെ അണിനിരത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അനൂപ് ജേക്കബ് താത്പര്യംകാണിക്കാതെ വന്നതോടെയാണ് നീക്കം പൊളിഞ്ഞത്. ജോസഫിനൊപ്പം പോകണമെങ്കിൽ തനിക്ക് നിയമസഭാ സീറ്റ് ഉറപ്പാക്കണമെന്ന ആവശ്യം ജോണി നെല്ലൂർ ഉന്നയിച്ചെങ്കിലും ഉറപ്പു ലഭിച്ചില്ല . എം.എൽ.എയില്ലാതെ ജോണി നെല്ലൂർ പാർട്ടിയിലേക്ക് വരുന്നതിനോട് ജോസഫും യോജിച്ചില്ല .

തത്ക്കാലം പാർട്ടി വിടാൻകഴിയില്ലെന്ന നിലപാടിൽ ജോണിനെല്ലൂർ നിൽക്കുമ്പോഴാണ് ജോസ് വിഭാഗത്തിലെത്തി ബിജു മറ്റപ്പള്ളി അനൂപിനെയും ജോണിയെയും ഞെട്ടിച്ചത്. പാർട്ടി അണികൾ ഇനിയും കൊഴിഞ്ഞുപോയാൽ യു.ഡി.എഫിൽ വില പേശാനുള്ള അവസരം നഷ്ടപ്പെടുമെന്നതിനാലാണ് ഇരു നേതാക്കളും ജോസ് വിഭാഗത്തിനെതിരെ തിരിഞ്ഞത് .

കേരളകോൺഗ്രസ് ജോസ് വിഭാഗം നടത്തുന്നത് മുന്നണി മര്യാദയുടെ ലംഘനമാണ്. പാർട്ടി അംഗങ്ങളെ അട‌ർത്തിയെടുക്കുന്ന നയം അംഗീകരിക്കാനാവില്ല. പ്രതിഷേധം ജോസ് കെ. മാണിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ജേക്കബ് വിഭാഗം മറ്റു പാർട്ടികളിൽ ലയിക്കുമെന്ന പ്രചാരണം ശരിയല്ല .

അനൂപ് ജേക്കബ്

(പാർട്ടി ലീഡർ )