ചങ്ങനാശേരി : ഇന്ന് ചിങ്ങം ഒന്ന് കാർഷിക ദിനം. തരിശായി കിടക്കുന്ന ചാലച്ചിറ കരിക്കണ്ടംപാടം വീണ്ടും കതിരണിയുമോ എന്നതാണ് കർഷകരുടെ ചോദ്യം. 36 ഏക്കർ വരുന്ന പാടം ഒരു നാടിന്റെ കാർഷികസംസ്കൃതിക്ക് കളങ്കമായിമാറിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്ന പ്രദേശമാണിത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇവിടെ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളുയരുകയും ചില സ്വാശ്രയ സംഘങ്ങൾ തയ്യാറാവുകയും ചെയ്തിരുന്നു. ഭരണം മാറിയതോടെ കൃഷിയും വെള്ളത്തിലായി.
2005-10 കാലയളവിൽ ഹരിയാലി പദ്ധതിയിൽ ഉൾപ്പെടുത്തി പാടത്തിന്റെ വരമ്പ് കരിങ്കല്ലുകൊണ്ട് കെട്ടിയിരുന്നു. എന്നാൽ വരമ്പ് നിർമ്മാണം പൂർത്തീകരിക്കാനായില്ല. ഇപ്പോൾ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും കൃഷി ആരംഭിച്ചാലേ പാടത്തിനു നടുവിലൂടെ ഒഴുകുന്ന ചാലച്ചിറ തോട്ടിലെ ജലം ശുദ്ധമാകൂ. വേനൽക്കാലത്ത് പാടത്തെ പുല്ല് ചീഞ്ഞ് വെള്ളം ചാലച്ചിറ തോട്ടിലെത്തുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു.
തരിശായിട്ട് 18 വർഷം
ചിറവംമുട്ടം നങ്ങ്യാർകരി പാടം 18 വർഷമായി തരിശായിക്കിടക്കുകയാണ്. ഇതുമൂലം പാടത്തുനിന്നുള്ള ഇഴജന്തുക്കളുടെയും മരപ്പട്ടിയുടെയും ശല്യം രൂക്ഷമാണ്. വീട്ടിൽ കോഴിയെപോലും വളർത്താൻ പറ്റാത്ത അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷി ആരംഭിച്ചാൽ പ്രദേശത്തുള്ള കിണറുകളിൽ വെള്ളമെത്തിക്കാനും മരപ്പട്ടിശല്യം ഒഴിവാക്കാനുമാകും.
പുനർജനി എവിടെപ്പോയി
2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനായി കുറിച്ചി ഗ്രാമപഞ്ചായത്ത് പുനർജനി എന്നപേരിൽ പദ്ധതിക്ക് രൂപം നൽകിയിരുന്നു. പാടശേഖര ഉടമകളെയും കർഷകരെയും തൊഴിലാളികളെയും പങ്കെടുപ്പിച്ച് യോഗം ചേർന്നത് മാത്രം മിച്ചം. തൊട്ടടതുത്തുള്ള പനച്ചിക്കാട് പഞ്ചായത്തിലെ തരിശുനിലങ്ങൾ, മീനച്ചിലാർ - മീനന്തലയാർ - കൊടൂരാർ നദീസംയോജനപദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തുവരുന്നുണ്ട്.
''
കരിക്കണ്ടം, നങ്ങ്യാർകരി പാടശേഖരങ്ങൾ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കണം. കുറിച്ചി ഗ്രാമപഞ്ചായത്തിനെ തരിശുരഹിത കൃഷിയിടപഞ്ചായത്താക്കി മാറ്റണം.
ഇത്തിത്താനം വികസനസമിതി യോഗം