കൊച്ചി : പൂഞ്ഞാർ - ഏറ്റുമാനൂർ റോഡിൽ 15 -ാം മൈൽ വരെ മീനച്ചിലാറിന്റെ തീരത്തു കൂടിയുള്ള റോഡിന്റെ നിർമ്മാണം ഏതു ഘട്ടത്തിലാണെന്നും പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നോയെന്നും സർക്കാർ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തീര റോഡിന്റെ നിർമ്മാണത്തെ ചോദ്യം ചെയ്ത് ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പാലായിൽ മീനച്ചിലാറിന്റെ തീരത്തു കൂടിയുള്ള റോഡ് നിർമ്മാണം പരിസ്ഥിതി ആഘാതപഠനം നടത്താതെ അനുവദിക്കരുതെന്നും ഏറ്റുമാനൂർ 15 -ാം മൈൽ വരെയുള്ള റോഡിന്റെ നിർമ്മാണത്തിനായി മീനച്ചിലാറിന്റെ തീരം അളന്ന് അടയാളപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. റോഡിന്റെ നിർമ്മാണത്തിന് 2015 സെപ്തംബർ 30 ന് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ചിൽ കരാർ നൽകി. പിന്നീട് മേയിൽ നടന്ന ജില്ലാ തല വിദഗ്ദ്ധ സമിതി യോഗത്തിൽ ഡോ. എസ്. രാമചന്ദ്രൻ മീനച്ചിലാറിന്റെ സംരക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. ഇതു പരിഗണിക്കാൻ കളക്ടർ ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. റോഡ് നിർമ്മാണത്തിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും മീനച്ചിലാറിന്റെ തീരം അളന്നു തിട്ടപ്പെടുത്തി അടയാളപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരും നിവേദനം നൽകിയിരുന്നതാണ്. ഇതൊന്നും പരിഗണിച്ചില്ലെന്നാണ് ഹർജിയിലെ ആക്ഷേപം.