ഏന്തയാർ : മഴക്കാലമായാൽ മുക്കുളം നിവാസികളുടെയുള്ളിൽ തീമഴയാണ്. പാറക്കൂട്ടങ്ങൾ നിറഞ്ഞ പുഴ കടക്കാൻ ആകെയുള്ള തൂക്കുപാലം ആടിയുലയുമ്പോൾ ഭീതിയോടെയല്ലാതെ എങ്ങനെ മറുകരയെത്തും. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച തൂക്കുപാലം ആയുസിന്റെ പരമാവധി കഴിഞ്ഞു. മലയോര മേഖലയിൽ അക്കാലത്ത് നിർമ്മിച്ച മറ്റ് തൂക്കുപാലങ്ങളൊക്കെ നശിച്ചുപോകുകയോ, പുതുക്കിപ്പണിയുകയോ ചെയ്തു. എന്നാൽ കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കുളം തൂക്കുപാലത്തിന് മാത്രം ശാപമോക്ഷമായില്ല.
ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിന്റെ ഒന്നാം വാർഡാണ് മുക്കുളം. ഇവിടെയുള്ള നൂറോളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ കഷ്ടിച്ച് 50 അടി വീതിയുള്ള തോട് കടന്ന് കോട്ടയം ജില്ലയുടെ ഭാഗമായ കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങായിൽ എത്തണം. രണ്ട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ വികസന പ്രശ്നങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത്, അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് പദ്ധതികളാണ് സാധാരണ നടപ്പാക്കുന്നത്. മുക്കുളം നിവാസികൾ നിത്യേന ആശ്രയിക്കുന്ന വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള അവശ്യസർവീസുകളുമെല്ലാം പാലത്തിന് അക്കരെ കൂട്ടിക്കൽ പഞ്ചായത്തിലാണ്. കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ പാലത്തിന്റെ മറുകരയിൽ കൂട്ടിക്കൽ പഞ്ചായത്തിൽപ്പെട്ട സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഇതിന്റെ പുനർനിർമ്മാണ വേളയിലെങ്കിലും പാലത്തിന്റെ കാര്യത്തിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ സംരക്ഷണഭിത്തി വന്നപ്പോൾ പാലത്തിന്റെ കാര്യം പാടെ അവഗണിച്ചു.
ഞാണിന്മേൽ കളി
അക്കരയിക്കര വലിച്ചുകെട്ടിയിരിക്കുന്ന കമ്പിയിൽ ഇളകിമാറിയിട്ടുള്ള മരപ്പലകകൾ കൊണ്ടൊരു ഞാണിന്മേൽക്കളിയാണ് മുക്കുളം തൂക്കുപാലം. നല്ല മെയ് വഴക്കമുണ്ടേൽ ഇതുവഴി സഞ്ചരിക്കാം. ചവിട്ടി നടക്കാനുള്ള മരപ്പലകകൾ ഇടയ്ക്കിടെ അടർന്നുവീഴും. നാട്ടുകാർ സ്വന്തംചെലവിൽ അറ്റകുറ്റപ്പണികൾ നടത്തി താത്കാലികമായി പ്റശ്നം പരിഹരിക്കുകയാണ് ചെയ്യുന്നത്. നാട്ടുകാരുടെ മുറവിളി ശക്തമാകുമ്പോൾ ദേ.. ഇപ്പം ശര്യാക്കാമെന്ന് പറഞ്ഞ് കൊക്കയാർ ഗ്രാമപഞ്ചായത്ത് അധികൃതർ ആശ്വസിപ്പിക്കും. എന്നാൽ ഏഴ് തവണ അളവെടുപ്പും കണക്കെഴുത്തുമൊക്കെ നടന്നതല്ലാതെ പാലത്തിന്റെ കാര്യത്തിൽ ഒരുപുരോഗതിയുമില്ല.
കഴിഞ്ഞ പ്രളത്തിൽ സംരക്ഷണഭിത്തി ഇടിഞ്ഞു
കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി
പാലത്തിന് അക്കരെ കൂട്ടിക്കൽ പഞ്ചായത്ത്