കോട്ടയം : ജില്ലയിൽ ശ്രീകൃഷ്ണ ജയന്തി വർണാഭമായി ആഘോഷിക്കും. നാളെ 1800 കേന്ദ്രങ്ങളിൽ പതാകദിനം നടത്തും. കോട്ടയം ഗാന്ധിസ്‌ക്വയറിൽ ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ. എൻ. സജികുമാറും തിരുനക്കര ടെമ്പിൾ കോർണറിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ: മാടവന ബാലകൃഷ്ണപിള്ളയും പതാക ഉയർത്തും. നദീവന്ദനം, വൃക്ഷപൂജ, പ്രകൃതി ബോധവത്ക്കരണ സെമിനാറുകൾ, ഗോപൂജ, സാംസ്‌കാരിക സമ്മേളനങ്ങൾ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.
23ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൈവിദ്ധ്യമാർന്ന ശോഭായാത്രകൾ നടക്കും. കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ സെൻട്രൽ ജംഗ്ഷനിൽ സംഗമിക്കും. സബ് കളക്ടർ ഈഷ പ്രിയ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബൈജുലാൽ ജന്മാഷ്ടമി സന്ദേശം നൽകും. സ്വാഗതസംഘം ഭാരവാഹികളായ
പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള, ശ്രീകുമാരവർമ്മ, രാജേഷ് നട്ടാശേരി, ജില്ലാകാര്യദർശി പ്രതീഷ് മോഹൻ, സംഘടനാ കാര്യദർശി മനുകൃഷ്ണ, മേഖലാ സെക്രട്ടറി പി.സി.ഗിരീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകും.

നഗരസഭയുടെ സ്വീകരണം ചെയർപേഴ്‌സൺ ഡോ. പി. ആർ. സോന നിർവ്വഹിക്കും. ശോഭായാത്ര സമാപനം നടക്കുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തും. ചങ്ങനാശ്ശേരിയിൽ പ്രൊഫ: മാധവൻപിള്ള ഉദ്ഘാടനം ചെയ്യും.

പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പ്രൊഫ: മാടവനബാലകൃഷ്ണപിള്ള, പ്രസിഡന്റ് രാജ ശ്രീകുുമാരവർമ്മ, ജന. സെക്രട്ടറി രാജേഷ് നട്ടാശ്ശേരി,
ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. എൻ.ഉണ്ണികൃഷ്ണൻ,
മേഖലസെക്രട്ടറി പി.സി.ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.