പാലാ : വിഷുക്കൈനീട്ടം കിട്ടിയ തുകയും ക്ലാസിൽ ഒന്നാമതായതിന് ടീച്ചർ നൽകിയ തുകയും സ്വരൂപിച്ച് വച്ചപ്പോൾ ശ്രീപ്രിയ എന്ന പ്ലസ് വൺ വിദ്യാർത്ഥിക്ക് ഒരു പാട് മോഹങ്ങളായിരുന്നു. പുത്തനുടുപ്പുകൾ വാങ്ങണം, കൂട്ടുകാരുടെ കൂടെ യാത്ര പോകണം... എന്നാൽ പ്രളയത്തിന്റെ കരളലിയിക്കുന്ന കാഴ്ചകൾ പത്ര - ദൃശ്യമാദ്ധ്യമങ്ങളിൽ വന്നപ്പോൾ മോഹങ്ങൾ മാറ്റിവച്ച് തന്റെ പ്രായത്തിലുള്ള കുട്ടികൾക്ക് പുത്തൻ ഉടുപ്പുകളും പഠനോപകരണങ്ങളും വാങ്ങി നൽകാൻ ശ്രീപ്രിയ തീരുമാനിച്ചു. സാധനങ്ങൾ മാതാപിതാക്കളുടെ പൂർണ പിന്തുണയോടെ സേവാഭാരതി ദുരിതബാധിതർക്കായി തുടങ്ങിയ ഉത്പന്നസംഭരണ കേന്ദ്രത്തിൽ നൽകി. കൂട്ടുകാരൊടൊപ്പമുളള യാത്രയെക്കാൾ, പുത്തനുടുപ്പണിയുമ്പോഴുള്ള സന്തോഷത്തെക്കാൾ സംതൃപ്തി നിറഞ്ഞ പുഞ്ചിരിയായിരുന്നു അപ്പോൾ ശ്രീപ്രിയയുടെ മുഖത്ത്. ഇടക്കോലി പല്ലാട്ട് അനിലിന്റെയും, ശുഭ അനിലിന്റെയും മകളാണീ മിടുക്കി. ദുരിതബാധിതരെ സഹായിക്കാനുള്ള വസ്തുക്കളുമായി പാലാ സേവാഭാരതിയുടെ ആദ്യ വാഹനം ഇന്ന് ഉച്ചതിരിഞ്ഞ് മലബാറിലെ പ്രളയം തകർത്ത ദുരന്തഭൂമിയിലേക്ക് പുറപ്പെടും. നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ അനവധി സഹായങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ജാതി - മതഭേദമന്യേ സേവാഭാരതിയുടെ ഉത്പന്നസംഭരണ കേന്ദ്രത്തിൽ എത്തിയത്.