കോട്ടയം : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ വിഭവസമാഹരണം വൻവിജയം. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ, പായ്ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾ, കുപ്പിവെള്ളം, മരുന്ന്, വസ്ത്രം, സാനിട്ടറി നാപ്കിൻ, പാത്രങ്ങൾ തുടങ്ങി 5 ലക്ഷത്തോളം രൂപയുടെ ഉത്പന്നങ്ങളാണ് സമാഹരിച്ചത്. ട്രസ്റ്റ് ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി അനുരാജ്, അംഗങ്ങളായ ബ്രനീഷ്, ഹംസ, രാജേഷ്, സുശാന്ത്, രാജേഷ് കൈരളി, രൂപേഷ്, ബിബിൻ, തോമസ്, രാജി, ലിജി, സനൂപ്, രതീഷ്, സിബി, നിശാന്ത്, റസാഖ്, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ സൂപ്പർ മാർക്കറ്റുകളിലും ആരാധനാലയങ്ങളിലും കളക്ഷൻ ബോക്സുകൾ സ്ഥാപിച്ചായിരുന്നു വിഭവശേഖരണം. 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ ശേഖരിച്ച് നാളെ വയനാട്ടിലെ ദുരന്തബാധിത മേഖലയിൽ നേരിട്ട് എത്തിക്കാനാണ് തീരുമാനം. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താത്പര്യമുള്ളവർ മുന്നോട്ടുവരണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.