കോട്ടയം: ചാഞ്ഞുനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെ നഗരമദ്ധ്യത്തിലെ തീയേറ്റർ റോഡ് യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു.
കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിലെ കൽക്കെട്ട് ഉൾപ്പെടെ ഇടിഞ്ഞ് വൈദ്യുതി പ്രവഹിക്കുന്ന കമ്പികളോടുകൂടിയ പോസ്റ്റ് ഏതുനിമിഷവും മറിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്. ഇതിനടുത്ത് നിൽക്കുന്ന വൻമരത്തിലെ വള്ളിപ്പടർപ്പുകൾക്കിടയിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. അതും മറ്റൊരു ദുരന്തമാണ്. ഈ മരവും സമീപത്തെ കൽക്കെട്ടും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നത് അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും സ്ത്രീകളും കുട്ടികളും ഉൾപ്പെട നിരവധി ആളുകൾ നടന്നുപോകുന്ന വഴിയിലാണ് ഇത്രയും ദുരന്തസാദ്ധ്യതകളെങ്കിലും നഗരസഭയോ, കെ.എസ്.ഇ.ബി യോ കണ്ടഭാവം നടിക്കുന്നില്ല. സമീപത്തെ തീയേറ്ററുകളിൽ സിനിമ കാണാൻ എത്തുന്നവരുടെ പുകവലി കേന്ദ്രവും ഈ മരത്തിന്റെ തണലിലാണ്. നരഗത്തിന്റെ ഹൃദയഭാഗത്താണെങ്കിലും രാത്രിയിൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരും ഇവിടെ തമ്പടിക്കാറുണ്ട്. വഴിവിളക്കുകൾക്കുവേണ്ടി സ്ഥാപിച്ച ഹോൾഡറും മറ്റും മൂന്നുമാസത്തിലേറെയായി അനാഥാവസ്ഥയിലാണ്. ഇതിൽ ബൾബ് ഇട്ട് പ്രകാശിപ്പിക്കുന്ന ജോലി മാത്രമാണ് ഇനി ബാക്കിയുള്ളത്. തിയേറ്റർ റോഡിൽ നിന്ന് ചന്തക്കടവിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകളിൽ നവീകരണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരിക്കുന്ന സിമന്റ് സ്ലാബുകൾ പകൽ സമയത്തുപോലും യാത്രക്കാർക്ക് ഭീഷണിയാണ്.