ചങ്ങനാശേരി : ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നത് പരിഭ്രാന്തി പടർത്തി. പായിപ്പാട് പഞ്ചായത്തിലെ ഒന്നാംവാർഡിൽ പെടുന്ന പൂവം മൂലേൽ പുതുവേലിൽ പാലത്തിൽ ആരംഭിച്ച ക്യാമ്പിലാണ് സംഭവം. സിലിണ്ടറിലെ പൈപ്പിന് ലീക്കുണ്ടായതാണ് കാരണം. തീ പടരുന്നത് കണ്ട് ക്യാമ്പിലുണ്ടായിരുന്ന ബോബിൻ ബേബി എന്ന യുവാവ് സിലിണ്ടർ എടുത്ത് പാലത്തിന് താഴെയുള്ള തോട്ടിലേക്ക് എറിയുകയായിരുന്നു. കുട്ടികളടക്കം അറുപതോളം പേരാണ് ക്യാമ്പലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനിടയിൽ കാലിനും, കൈക്കും പൊള്ളലേറ്റ ബോബിൻ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.