ചങ്ങനാശേരി: രണ്ട് ദിവസമായി മഴയ്ക്ക് ശമനമായെങ്കിലും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു.

ജലനിരപ്പ് താഴാത്തതിനാൽ എ.സി റോഡിന് സമീപത്തുള്ളവർക്ക് ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല.

എ.സി റോഡിൽ മനക്കച്ചിറ മുതൽ ആലപ്പുഴ വരെ പലഭാഗങ്ങളിലായി റോഡിൽ വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. ഒരാഴ്ചയിലധികമായി കെ എസ്.ആർ.ടി.സിയുടെ ചങ്ങനാശേരി ആലപ്പുഴ സർവീസ് മുടങ്ങിയിരിക്കുകയാണ്. ജലഗതാഗതം പുനരാരംഭിച്ചത് മാത്രമാണ് പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ഏക ആശ്വാസം. നിലവിൽ 31 ദുരിതാശ്വാസ ക്യാമ്പുകളാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. 1244 കുടുംബങ്ങളിൽ നിന്നായി 4407 അംഗങ്ങൾ ക്യാമ്പിലുണ്ട്. ക്യാമ്പുകളിൽ അലോപ്പതി, ആയുർവേദ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിൽ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ 24 മണിക്കൂറും റവന്യുടവറിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.