കോട്ടയം: യാത്രക്കിടയിൽ ദാഹിച്ചുവലഞ്ഞാൽ പിന്നെ രക്ഷയുണ്ടോ... പിന്നെ നല്ലതോ അതോ ചീത്തയോ എന്ന് നോക്കാതെ ഒരുകുപ്പിവെള്ലം വാങ്ങി ദാഹമകറ്റാനാകും ആരുടെയും ശ്രമം. ഇവിടെയാണ് കുപ്പിവെള്ളകമ്പനികൾ ലാഭം കൊയ്യുന്നത്. ലാഭകൊതി മൂലം ഒടുവിൽ മലിനജലം വരെ പൊതുജനത്തെ കുടിപ്പിച്ചു. പരാതികൾ ഏറിയപ്പോൾ കുപ്പിവെള്ളകമ്പനികൾക്ക് മൂക്കുകയർ ഇടാനുള്ള നടപടികളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്‌പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചാണ് കുപ്പിവെള്ള കമ്പനികളിൽ പരിശോധന പുരോഗമിക്കുന്നത്. ഇതിനകം ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് അധികൃതർ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തലയോലപറമ്പിൽ പ്രമുഖ കമ്പനിയുടെ കുപ്പിവെള്ളത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ ചെമ്പും കറുത്തീയവും കണ്ടെത്തിയിരുന്നു. തുടർന്ന് കമ്പിനി പൂട്ടി ലൈസൻസ് റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാനം ഒട്ടാകെ കുപ്പിവെള്ളം പരിശോധിക്കാൻ ഭക്ഷ്യവകുപ്പ് ഉത്തരവിട്ടത്. നടപടി നേരിട്ട കമ്പനിയുടെ വിപണിയിലെത്തിച്ച കുപ്പിവെള്ളം ിൻവലിക്കാനും നിർദ്ദേശം നൽകിയിരുന്നു.
കണ്ണടയ്ക്കില്ല, നിയമലംഘനങ്ങൾക്ക് നേർക്ക്
വെള്ളം ശേഖരിക്കുന്ന ഉറവിടങ്ങളും വൃത്തിയുള്ളതാണോയെന്നതും പരിശോധിക്കുന്നുണ്ട്. കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന പല ബ്രാൻഡഡ് കുപ്പിവെള്ളങ്ങളിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെതുടർന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ഭക്ഷ്യവകുപ്പ് കൾശന പരിശോധന തുടങ്ങിയിരുന്നു. കുപ്പിവെള്ളത്തിന്റെ നിർമാണ തീയതി, ഉപയോഗ കാലാവധി അവസാനിക്കുന്ന തീയതി, ബാച്ച് നമ്പർ എന്നിവ കുപ്പിയിൽ പതിപ്പിക്കുന്ന ലേബൽ കൃത്യമായി രേഖപ്പെടുത്തണമെന്ന നിയമമുണ്ട്. എന്നാൽ ആക്രിക്കടയിൽ നിന്നു ശേഖരിക്കുന്ന അടപ്പുള്ള കുപ്പിയിൽ പോലും ഒരു പരിശോധനയുമില്ലാതെ കുപ്പിവെള്ളം വിൽപനക്കായി എത്തുന്നുണ്ടെന്നാണ് വിവരം.
പാക്ഡ് ഡ്രിങ്കിങ് വാട്ടർ
മിനറൽ വാട്ടർ എന്ന പേരിലാണ് മുമ്പ് കുപ്പിവെള്ളം വിൽപനക്കെത്തുന്നതെങ്കിൽ ഇപ്പോൾ പാക്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന പേരിലാണ് കമ്പനികൾ വിൽപന നടത്തുന്നത്.അൾട്രാ വയലറ്റ് ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കി ഇറക്കുന്ന കുപ്പിവെള്ളം ഒരു വർഷം വരെ കേടു കൂടാതെ സൂക്ഷിക്കാൻ കഴിയും.വേനൽ കാലത്ത് വാഹനങ്ങളിൽ കുപ്പിവെള്ളം കൊണ്ടുപോകുമ്പോൾ നല്ലതുപോലെ കുപ്പികൾ പടുതപോലെയുള്ളവ കൊണ്ടു മൂടണം. അല്ലാത്തപക്ഷം കുപ്പിയിലുള്ള വെള്ളം സൂര്യന്റെ ചൂടേൽക്കുമ്പോൾ രാസപ്രവർത്തനങ്ങൾക്ക് വിധേയമാകുകയും ഈ വെള്ളം ഉപയോഗിക്കുന്നവർക്ക് കാൻസർപോലെയുള്ള മാരകരോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നത്.