പരിപ്പ് : നോക്കെത്താദൂരത്തോളം വെള്ളംകയറി കിടക്കുന്ന അയ്മനത്തെ പുത്തൻകരി പാടം നൂറിലേറെ കർഷകരുടെ കണ്ണീരുകൂടി വീണ് നനഞ്ഞതാണ്. 258 ഏക്കർ പാടത്ത് ഒരാഴ്ചയോളമായി നിറഞ്ഞവെള്ളത്തിൽ അവരുടെ സ്വപ്നവും ഒഴുകിയിറങ്ങി. വെള്ളത്തിന് മുകളിൽ അടിഞ്ഞുകിടക്കുന്ന നെൽക്കൂമ്പുകൾ കർഷകരായ ജോസും അമ്പലത്തിച്ചിറയിൽ ബാബുവുമൊക്കെ നെഞ്ചുപൊള്ളുന്ന വേദനയോടെ എടുത്തുനോക്കും. മൂന്ന് മാസംകൂടി കഴിഞ്ഞിരുന്നെങ്കിൽ കൊയ്ത്ത് പാട്ട് നിറയേണ്ട അപ്പർകുട്ടനാട്ടിൽ ചിങ്ങപ്പുലരിയിൽ സന്തോഷിക്കാനൊന്നുമില്ല.

വെള്ളപ്പൊക്കത്തിൽ മടപൊട്ടിയാണ് അപ്പർകുട്ടനാട്ടിലെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിലായത്.

നിലമൊരുക്കി വിത്ത് വിതച്ച് 36 ദിവസം കഴിഞ്ഞപ്പോഴാണ് പെരുമഴ. മടകെട്ടി സംരക്ഷിച്ചെങ്കിലും കിഴക്കൻവെള്ളത്തിന് മുന്നിൽ താങ്ങാനാവാതെ മടകളോരോന്നും പൊട്ടിപ്പൊടിഞ്ഞു. കതിരിനുള്ള കൂമ്പുകൾ അഴുകി. കഴിഞ്ഞ പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകാൻ ഒരുങ്ങുമ്പോഴുള്ള വെള്ളപ്പൊക്കം ഇരുട്ടടിയായി. പാടം വെള്ളത്തിലായിട്ടും പലരും ഒന്നു വന്ന് നോക്കാൻ പോലുമാകാതെ ക്യാമ്പിലാണ്. ഇനി വെള്ളമിറങ്ങിയിട്ട് എന്തു പ്രയോജനമെന്നാണ് ഇവരുടെ ചോദ്യം. ലക്ഷങ്ങൾ കടമെടുത്തും മറ്റുമാണ് ഭൂരിഭാഗം പേരും കൃഷിയിറക്കിയത്. ഇനി ഉടനെ കൃഷിക്കില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ അങ്ങനെ തോറ്റുകൊടുക്കാനില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

സഹായിച്ചാൽ ഇനിയും കൃഷി

''കഴിഞ്ഞ പ്രളയത്തിന് ശേഷം വിത്ത് ഉൾപ്പെടെ തന്ന് സർക്കാർ സഹായിച്ച പോലെ ഇക്കുറിയും ഇടപെടലുകളുണ്ടായാൽ കൃഷി ചെയ്യും. നഷ്ടപരിഹാരത്തുക എപ്പോൾ കിട്ടുമെന്ന് ഇപ്പോഴും ഉറപ്പില്ല. സർക്കാർ കർഷകരോട് കൂടുതൽ കരുണകാട്ടണം''

ജോസ്,​ കർഷകൻ