house

കോട്ടയം: ഒരു വർഷത്തിനുള്ളിൽ രണ്ട് പ്രളയത്തെ അഭിമുഖീകരിച്ച് തളർന്ന കുമരകം ടൂറിസത്തിന് ഇനി പ്രതീക്ഷ ഓണത്തിൽ. റിസോർട്ട്, ഹൗസ് ബോട്ട്, ടൂറിസ്റ്റ് ടാക്സി വ്യവസായ മേഖലകളിൽ വലിയ പ്രതിസന്ധിയാണുള്ളത്. ലക്ഷങ്ങളുടെ നഷ്ടം ഓണക്കാലത്ത് നികത്താമെന്നാണ് കണക്കു കൂട്ടലെങ്കിലും പ്രളയത്തിന്റെ തുടർച്ചയായി പകർച്ച വ്യാധികളെത്തിയാൽ സഞ്ചാരികൾ തിരിഞ്ഞു നോക്കില്ല.

ശബരിമല വിവാദവുമായി ബന്ധപ്പെട്ട് കേരളമാകെ സംഘർഷമാണെന്ന തരത്തിലുള്ള വാർത്തകൾ കുമരകം ടൂറിസത്തെ നേരത്തേ ദോഷകരമായി ബാധിച്ചിരുന്നു. കുറഞ്ഞത് അഞ്ചു ലക്ഷം രൂപയുടെ ബിസിനസ് ശബരിമല സീസണിൽ കുമരകത്തെ ഹോട്ടലുകളിലുണ്ടാകാറുണ്ട്. ഒരാൾപോലുമെത്താതിരുന്നതോടെ പുതുവർഷ സീസണും മടുപ്പായി. പിന്നെ മൺസൂൺ ടൂറിസത്തിൽ പ്രതീക്ഷ അർപ്പിച്ചു. അതും പൊളിഞ്ഞു.

വയനാടും തേക്കടിയും വാഗമണും കുമരകവും ആലപ്പുഴയും ബന്ധപ്പെടുത്തിയാണ് ടൂറിസ്റ്റുകൾ വരുന്നത്. ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോരമേഖല സഞ്ചാരികൾ ഒഴിവാക്കി. ഇത് കുമരകത്തെ കായൽ ടൂറിസത്തെയും ബാധിച്ചു .

ഹൗസ് ബോട്ടുകൾക്ക് ഓട്ടമില്ലെങ്കിലും നികുതി അടക്കണം, ലൈസൻസ് പുതുക്കണം, അറ്റകുറ്റപണി നടത്തണം. ഇതിനുള്ള ചെലവ് കാശ് കിട്ടാതായതോടെ എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് പരസ്പരം ചോദിക്കുകയാണ് ബോട്ട് ഉടമകൾ .

ഹൗസ് ബോട്ടും ഷിക്കാരയുമടക്കം ഇരുന്നൂറോളം ബോട്ടുകൾ കുമരകത്തുണ്ട്.

ഓട്ടമില്ലെങ്കിലും ബാറ്റ ഒഴിച്ച് ജീവനക്കാർക്ക് ശമ്പളം കൊടുക്കണം.

ഓട്ടം കുറഞ്ഞതോടെ പലരും കരാർ നിയമനമാക്കി. ഓണത്തിന് സ്ഥിരം തൊഴിലാളികൾക്ക് ബോണസ് നൽകണം .മാസത്തിൽ ഒന്നോ രണ്ടോ ഓട്ടം മാത്രമുള്ളവർ എങ്ങനെ ബോണസ് കൊടുക്കുമെന്നതാണ് പ്രശ്നം.

കുമരകത്ത്

200

ബോട്ടുകൾ

ഹൗസ് ബോട്ട് മേഖല വൻ പ്രതിസന്ധി നേരിടുകയാണ്. ബോട്ടുകൾക്ക് ഓട്ടമില്ലെങ്കിലും മറ്റു ചെലവുകൾക്ക് ഒരു കുറവുമില്ല .ടൂറിസം വകുപ്പിന്റെ സഹായമുണ്ടാകുന്നില്ലെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഈ മേഖലയിൽ വൻ കൊഴിഞ്ഞു പോക്കുണ്ടാകും.

ഹണി ഗോപാലൻ

(ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി )

പ്രളയ മഴ കാരണം ടൂറിസം മേഖലയിലുണ്ടായ മുരടിപ്പ് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത് . റിസോർട്ടുകളിലൊന്നും ആളില്ല . ക്യാൻസലേഷനും കൂടി. ഓണക്കാലമാണ് ഇനി പ്രതീക്ഷ. പ്രളയ കാരണത്താൽ സർക്കാർ ഓണാഘോഷ പരിപാടികൾ ഉണ്ടാവുമോ എന്നുറപ്പില്ല . കൂടുതൽ സഞ്ചാരികളെ എത്തിക്കണം. ഇതിന് ടൂറിസം വകുപ്പ് മുൻ കൈയെടുക്കണം. ദേശീയ അന്തർദേശീയ മാദ്ധ്യമങ്ങളിൽ വലിയ പ്രചാരം നൽകണം .

സലീംദാസ്

(ചേംബർ ഒഫ് ഹോട്ടൽ ആൻഡ് റിസോർട്ട്സ് )