കോട്ടയം : അരനൂറ്റാണ്ടു കാലമായി ചിത്രകലാരംഗത്ത് കൈയൊപ്പ് പതിപ്പിച്ച സി.സി അശോകന്റെ സപ്തതി ശിഷ്യർ ഇന്ന് ആഘോഷപൂർവം കൊണ്ടാടും. കെ.എസ്.എസ് സ്കൂൾ ഒഫ് ആർട്സ് മുൻ പ്രിൻസിപ്പലും ഇപ്പോൾ ഡയറക്ടറുമായ അശോകൻ വരയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ ശിഷ്യരാണ് 'അശോക ചോട്ടിൽ ഒരു ദിനം' എന്ന പേരിൽ ചിത്രരചനാ ക്യാമ്പും കലാചർച്ചകളുമായി മണിപ്പുഴ മൂലേടം റോഡിലുള്ള ഗുരുനാഥന്റെ വീട്ടിൽ വേറിട്ട സപ്തതിയാഘോഷം നടത്തുന്നത്.
ചിറയിൽ ചെല്ലപ്പന്റെയും യശോദയുടെയും മകനായ അശോകൻ എം.ടിസെമിനാരി സ്കൂളിലും സി.എം.എസ് കോളേജിലും പഠിക്കുമ്പോൾ വരക്കുമായിരുന്നെങ്കിലും മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. എൻജിനിയറാക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ചിത്രകലയോടായിരുന്നു അശോകന് താത്പര്യം. മാവേലിക്കര സ്കൂൾ ഒഫ് ആർട്സിൽ ചിത്രകലാ പഠനത്തിന് ചേർന്നു. ആർട്ടിസ്റ്റ്
സി.കെ.രാ പഠിപ്പിച്ചിട്ടില്ലെങ്കിലും സി.കെ രായിൽ നിന്ന് എല്ലാം പഠിച്ചുവെന്നു പറയുന്ന അശോകൻ, ബഷീർ ,എം.ടി, ഒ.വി.വിജയൻ എം. മുകുന്ദൻ, മാധവിക്കുട്ടി, സക്കറിയ തുടങ്ങിയവരുടെ സൃഷ്ടികൾ അടക്കം ആറായിരത്തോളം പുസ്തകങ്ങളുടെ ആത്മാവ് കണ്ടെത്തി കവർ വരച്ചു. കവർചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ആർട്ടിസ്റ്റ് ശങ്കരൻ കുട്ടി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി സിനിമ കമ്പനികൾക്കായി സിനിമയുടെ പത്രപ്പരസ്യം ലേഔട്ട് ചെയ്തും ശ്രദ്ധേയനായി. ഇടക്കാലത്ത് ദുബായ് അൽ അമീൻ പ്രൈവറ്റ് സ്കൂളിലും ചിത്രകലാദ്ധ്യാപകനായിരുന്നു.
കറകളഞ്ഞ ശ്രീനാരായണ ഭക്തനായ അശോകൻ കുറ്റിക്കാട് ദേവസ്വം പ്രസിഡന്റ് , എസ്.എൻ.ഡി.പി യോഗം മൂലേടം ശാഖാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചന്ദ്രികയാണ് ഭാര്യ. ചി ത്രകാരിയായ അമ്മു, ദീപു (ഹോങ്കോംഗ് ബാങ്ക് ) എന്നിവർ മക്കളാണ്.
''ഞാൻ വര പഠിച്ച കാലത്ത് അതുകൊണ്ട് ജീവിക്കാൻ ഒരു ആർട്ടിസ്റ്റിന് കഴിയുമായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. നല്ല പെയിന്റിംഗുകൾ പറയുന്ന വില നൽകി വാങ്ങി വീടുകളിലും സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കാൻ മലയാളി താത്പര്യം കാട്ടുന്നു. ഈ മാറ്റം ചിത്രരചനാ രംഗത്തുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടാക്കി. കൊച്ചി ബിനാലെയൊക്കെ വന്നതോടെ ചിത്രകലയിലെ മാറ്റം ഉൾക്കൊള്ളാനും ആസ്വദിക്കാനും മലയാളിക്ക് കഴിയുന്നു. സാങ്കേതിക രംഗത്തും വലിയ മാറ്റം വന്നു. കമ്പ്യൂട്ടറും ഗ്രാഫിക്സും മൾട്ടിമീഡിയയുമൊന്നും അറിയാത്ത ചിത്രകാരന് ഇന്ന് പിടിച്ചു നിൽക്കാനാവില്ല. നന്നായി വരക്കാൻ കഴിവുണ്ടെങ്കിലേ ടെക്നോളജി ഉപയോഗിച്ചാലും നിലനില്പ്പുണ്ടാകൂ.""