prk-207-19

കോട്ടയം : പ്രളയത്തെത്തുടർന്ന് ഉണ്ടായേക്കാവുന്ന എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു പറഞ്ഞു. എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച 'ഡോക്‌സി ഡേ" പരിപ്പ് എൻ.എസ്.എസ് ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസത്തിനെന്നപോലെ രോഗപ്രതിരോധത്തിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മലിനജലവുമായി സമ്പർക്കം പുലർത്തിയവർക്കെല്ലാം പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകുന്നത്. മരുന്നു കഴിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും കഴിച്ചെന്ന് ഉറപ്പുവരുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ജില്ലയിൽ അൻപതിനായിരത്തോളം പേർക്ക് ആരോഗ്യവകുപ്പ് ഗുളിക വിതരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. പ്രളയ ജലവുമായോ മലിനജലവുമായോ സമ്പർക്കം പുലർത്തിയവർ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിനാണ് (നൂറു മില്ലിഗ്രാമിന്റെ രണ്ടു ഗുളികകൾ) കഴിക്കേണ്ടത്. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ വിജി രാജേഷ്, പഞ്ചായത്തംഗങ്ങൾ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രാജൻ, ആർ.സി.എച്ച് ഓഫീസർ ഡോ. ശില്പ, മാസ് മീഡിയ ഓഫീസർ ഡോമി ജോൺ മൊറെയ്‌സ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.റോസ്ലിൻ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺകുമാർ, ഡോ. മിനിജ ഡി.നായർ തുടങ്ങിയവർ പങ്കെടുത്തു.

വിതരണം ചെയ്യുന്നത് : ഡോക്‌സിസൈക്ലിൻ

ഗുളിക വിതരണം ചെയ്തത് : 50000 പേർക്ക്