കോട്ടയം : പ്രളയത്തിൽ ദുരിതത്തിലായ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വില്ലൂന്നി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ നിർവഹിച്ചു. ജില്ലയ്ക്കുള്ള പ്രത്യേക പാക്കേജ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് പത്ത് ടൺ കാലിത്തീറ്റ ആദ്യഘട്ടമായി ലഭ്യമാക്കി. ചങ്ങനാശേരി താലൂക്കിലെ തുരുത്തി, പായിപ്പാട് പഞ്ചായത്തുകളിലും കോട്ടയം താലൂക്കിൽ വില്ലൂന്നി, ആർപ്പൂക്കര പഞ്ചായത്തുകളിലും, വൈക്കം താലൂക്കിൽ തലയോലപ്പറമ്പിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലുമായി അഞ്ഞൂറോളം കർഷകർക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ കന്നുകാലികൾക്കായി ധാതുലവണ മിശ്രിതങ്ങളും എത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോസഫ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.മോഹൻ, അംഗങ്ങളായ ബീന രാജശേഖരൻ, ശോഭ വേലായുധൻ, പ്രവീൺ, ജയിംസ് തിട്ടമലയിൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം ദിലീപ്, വെറ്റിനറി സർജൻ ഡോ. അഭിജിത്ത് തമ്പാൻ എന്നിവർ പങ്കെടുത്തു.