വൈക്കം : ആചാരത്തനിമയിൽ വണിക വൈശ്യരുടെ പ്രാതൽ. മഹാദേവ സന്നിധിയിൽ ആണ്ടുപിറപ്പ് ഭക്തിനിർഭരമായി. മേൽശാന്തി ടി.ഡി നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി , അനൂപ്
നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജയും ഗണപതി ഹോമവും നടന്നു. ആചാരമനുസരിച്ച് വണിക വൈശ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ധാരയും പ്രാതൽ വഴിപാടും നടത്തി.രാജഭരണ കാലത്ത് വൈക്കം ക്ഷേത്രത്തിൽ ചിങ്ങം 1 ന് പ്രാതൽ നടത്തുവാനുള്ള അവകാശം വണിക വൈശ്യ സമുദായത്തിന് കല്പിച്ച് അനുവദിച്ചിരുന്നു. തലമുറകളായി ഇത് പിൻതുടർന്ന് വരികയാണ്. വൈക്കത്തെ വണികവൈശ്യ സംഘം 27 നമ്പർ ശാഖയുടെ കാർമ്മികത്വത്തിൽ 18 പറ അരിയുടെ പ്രാതലാണ് ഒരുക്കിയത്. ജില്ലാ പ്രസിഡന്റ് റോസ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.പി.വിജയൻ ചെട്ടിയാർ, ജോയന്റ് സെക്രട്ടറി സജി മഠത്തിപറമ്പിൽ, ദേവസ്വം സമിതിയംഗം എം. പ്രമോദ്, സംസ്ഥാന കമ്മിറ്റിയംഗം ആർ ശങ്കർ, വൈക്കം ശാഖ രക്ഷാധികാരി സോമശേഖരൻ, പ്രസിഡന്റ് ചന്ദ്രദാസ്, സെക്രട്ടറി എൻ. സുരേശൻ, തുടങ്ങിയവർ നേതൃത്വം നല്കി. ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്നു വന്ന രാമായണ മാസാചരണത്തിന്റെ സമാപന സമ്മേളനം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീപ്രസാദ് ആർ. നായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ടി.ആർ. അരവിന്ദാക്ഷമേനോൻ അദ്ധ്യക്ഷത വഹിച്ചു.
കർക്കടക മാസത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ കാർമ്മികത്വത്തിൽ നടന്നു വന്ന ഗണപതി ഹോമവും ഭഗവത് സേവയും ഇതോടൊപ്പം സമാപിച്ചു.