കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് മാരകരോഗങ്ങൾ പകരാനിടയുണ്ടെന്ന് നാട്ടുകാർ തന്നെ പറയുന്നു. കാരണം ശൗചാലയത്തിന്റെ ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകുന്ന മലിനജലം തന്നെ. പരാതിപറഞ്ഞും സമരംചെയ്തും മടുത്തു.അതുകൊണ്ടൊന്നും ഒരു ഫലവുമില്ല ബസ് സ്റ്റാൻഡിനുള്ളിലും സമീപത്തുമുള്ള കച്ചവടക്കാർരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. ദുർഗന്ധം മൂലം പരിസരത്തെങ്ങും അടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. കംഫർട്ട് സ്റ്റേഷൻ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ടാങ്ക് നിറഞ്ഞ് മലിനജലം സ്റ്റാൻഡിലൂടെ ഒഴുകി ദുർഗന്ധംമൂലം യാത്രക്കാർക്ക് ദുരിതമാവുകയും ചെയ്തപ്പോഴാണ് ശൗചാലയം അടച്ചുപൂട്ടിയത്. എന്നാൽ ഇപ്പോൾ മഴ പെയ്ത് ടാങ്ക് നിറഞ്ഞ് മലിനജലം വീണ്ടും ഒഴുകാൻ തുടങ്ങി. ഇതുമാത്രമല്ല സ്റ്റാൻഡിന് പരിസരത്തുള്ള ഉയർന്ന പ്രദേശങ്ങളിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ഈ മലിനജലത്തിലൂടെ ചവിട്ടിവേണം നടക്കാൻ. നല്ല മഴ പെയ്താൽ മുട്ടോളമെത്തും മാലിന്യം. പൂട്ടിയിട്ട് ആഴ്ചകളായെങ്കിലും അറ്റകുറ്റപ്പണികൾ തീർത്ത് ശൗചാലയം തുറന്നു പ്രവർത്തിക്കാനുള്ള നടപടികളായില്ല.
കംഫർട്ട് സ്റ്റേഷന്റെ ചുമതല ബി.ഒ.ടി അടിസ്ഥാനത്തിൽ കരാറുകാരെ ഏല്പിച്ചതാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ. 25 വർഷത്തേക്ക് അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വം അവർക്കാണ്. കഴിഞ്ഞവർഷം നവീകരിച്ച സ്റ്റാൻഡിലെ കോൺക്രീറ്റ് സ്ലാബുകൾ വെട്ടിപ്പൊളിച്ച് ടാങ്ക് വലുതാക്കണമെന്നാണ് കരാറുകാർ പറയുന്നത്. പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല.