ഐക്കരശാലി പാലത്തിൽ 60 കുടുംബങ്ങൾ

കോട്ടയം : പ്രളയജലത്തിൽ നിന്ന് രക്ഷതേടി പാലത്തിൽ അഭയംതേടിയവർക്ക് പത്താംദിവസവും വീട്ടിലേക്ക് മടങ്ങാനാകുന്നില്ല. അയ്മനം പഞ്ചായത്തിലെ കല്ലുങ്കത്ര- കരീമഠം പാടശേഖരത്തിലെ അറുപതോളം കുടുംബങ്ങളാണ് കഴിഞ്ഞ 9ാം തീയതി മുതൽ ഐക്കരശാലി പാലത്തിൽ ദുരിതജീവിതം നയിക്കുന്നത്. പാലത്തിന്റെ കൈവരികളെ ബന്ധിപ്പിച്ച് കെട്ടിമറച്ച പ്ലാസ്റ്റിക് പടുതയുടെ കീഴിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇരുനൂറ്റി അമ്പതോളം പേരാണ് താമസിക്കുന്നത്. ഇവരുടെ ആടുമാടുകളും കൂടെയുണ്ട്. സർക്കാരിന്റെ അംഗീകൃത ദുരിതാശ്വാസക്യാമ്പ് അല്ലാത്തതിനാൽ അധികൃതരുടെ കാരുണ്യവും കിട്ടിയില്ല. ശുദ്ധജലം, ഭക്ഷണം, എന്തിന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല.

വാഴപ്പിണ്ടിയും കുറച്ച് വൈക്കോലും കൊണ്ടാണ് ഇതുവരെ കന്നുകാലികളുടെ ജീവൻ നിലനിറുത്തിയത്. ആയിരത്തിലേറെ താറാവുകൾ ഉണ്ടായിരുന്നതിൽ അറുനൂറ് എണ്ണത്തിനെ കാണാതായിട്ടുണ്ട്. അയ്മനം പഞ്ചായത്തിലെ അംഗീകൃത ക്യാമ്പിൽ സന്ദർശനത്തിനെത്തിയ കളക്ടറെ പാലം ക്യാമ്പിന്റെ കൺവീനർ വി.പി. ബിജോഷ് നേരിൽ കണ്ട് പരാതിപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് ചാക്ക് അരിയും കുറച്ച് പയറും നൽകി. ബിജോഷിന്റെ നേതൃത്വത്തിൽ പലചരക്ക് കടകളിൽ നിന്ന് കടംവാങ്ങിയുമൊക്കെയാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. മഴനനഞ്ഞ പച്ചമണ്ണിൽ കല്ലുകൂട്ടിയുണ്ടാക്കിയ അടുപ്പിൽ വിറക് കത്തിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. നാലടിയിലേറെ വെള്ളം കയറിക്കിടക്കുന്നതിനാൽ വീടുകളിലെ ശൗചാലയവും ഉപയോഗിക്കാനാകുന്നില്ല. വീടിന് പുറത്തെ പാടത്ത് 8 അടിവരെ ജലനിരപ്പ് ഉയർന്നു. മഴ ശമിച്ചെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം വെള്ളമിറങ്ങാൻ ഒരുമാസത്തിലേറെ സമയമെടുക്കും. ആറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞാൽ പാടശേഖരത്തിലെ വെള്ളം ഇറങ്ങും. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാദ്ധ്യതയുമുണ്ട്.

കിടപ്പാടം മുങ്ങി, കൃഷിയും വെള്ളത്തിൽ

കിടപ്പാടം മുങ്ങിയതിന് പിന്നാലെ ഒരു സീസണിലെ മുഴുവൻ അദ്ധ്വാനവും വെള്ലത്തിലായ വിഷമത്തിലാണിവർ. 85 ദിവസം വിയർപ്പൊഴുക്കി പരിപാലിച്ച നെൽച്ചെടികൾ കതിരിട്ടുതുടങ്ങിയപ്പോഴാണ് വില്ലനായി പ്രളയം എത്തിയത്. ഓണക്കാലത്ത് മികച്ച വില പ്രതീക്ഷിച്ചിരുന്ന ചേന, വാഴ, കപ്പ തുടങ്ങിയ കൃഷികൾ പൂർണമായും നശിച്ചു.

തുരുത്തിപ്പാടത്ത് 85 ദിവസം പ്രായമായ നെൽച്ചെടികൾ 42 ഏക്കർ

കല്ലുങ്കത്രയിൽ 40 ദിവസം പ്രായമായത് 110 ഏക്കർ

കൊല്ലത്തുകരിയിൽ 25 ദിവസം പ്രായമായത് 360 ഏക്കർ

''

എല്ലാവർഷവും മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമാണിത്. പാടശേഖരത്തിന്റെ പുറംബണ്ടുകൾ ബലപ്പെടുത്തി ഉറപ്പുള്ള റോഡുകൾ നിർമ്മിക്കുകയും, പാടത്തിന് നടുവിലൂടെയുള്ള കല്ലുങ്കത്ര- കരീമഠം- ചീപ്പുങ്കൽ റോഡ് ഉയർത്തി നിർമ്മിക്കുകയും ചെയ്താൽ പ്റശ്നത്തിന് പരിഹാരമാകും. ഉറപ്പില്ലാത്ത ബണ്ടുകളിലെ മിക്ക വീടുകളും ഓരോമഴക്കാലം കഴിയുമ്പോഴും അരയടിമുതൽ ഒരടിവരെ ചെളിയിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ്.

- വിദ്യാനന്ദൻ, കല്ലുങ്കത്ര പാടശേഖരം