പാലാ: ബസ് സ്റ്റാൻഡിൽ ഓഫീസിനെന്ന പേരിൽ നിസാര വാടകയ്ക്ക് മുറി ഒപ്പിച്ച ബസ്സുടമകൾ അവിടെ ബേക്കറി തുടങ്ങാൻ മുറി മറു വാടകയ്ക്ക് കൊടുത്തതായി ആരോപണം.

പാലാ നഗരസഭാ വക കൊട്ടാരമറ്റം ബസ് ടെർമിനലിലെ ബസ് ഓപ്പറേറ്റേഴ്‌സ് ഓഫീസിനെതിരെയാണ് ആരോപണമുയരുന്നത്.
ഏറെ വാദകോലാഹലങ്ങൾക്കു ശേഷം കഴിഞ്ഞ വർഷമാണ് ബസുടമകൾക്ക് ബസ് ടെർമിനലിൽ ഓഫീസ് അനുവദിക്കാൻ പാലാ നഗരസഭാ യോഗം തീരുമാനിച്ചത്. സ്റ്റാൻഡിലെ ടൈം കീപ്പിംഗ് യൂണിറ്റും ബസുടമകളും തമ്മിൽ നില നിന്ന ശീതസമരം മൂലം ഒട്ടേറെ പ്രശ്‌നങ്ങളുയർന്നിരുന്നു. സ്റ്റാൻഡിൽ ഓഫീസ് തുറന്ന് സമാന്തരമായി മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ ബസുടമകൾ നീക്കം നടത്തുന്നതായി ടൈം കീപ്പിംഗ് യൂണിറ്റ് തൊഴിലാളികൾ ആരോപിച്ചിരുന്നു. നഗരസഭാധികാരികളുടെ അംഗീകാരം പോലുമില്ലാതെ പ്രവർത്തിക്കുന്ന ടൈം കീപ്പിംഗ് തൊഴിലാളികൾ ഗുണ്ടായിസം കാണിക്കുന്നൂവെന്നായിരുന്നൂ ബസുടമകളുടെ വാദം. ഈ തർക്കങ്ങൾക്കിടെയാണ് ബസുടമകൾക്ക് കൊട്ടാരമറ്റം സ്റ്റാൻഡിൽ ഓഫീസ് അനുവദിക്കുന്നത്.

ഓഫീസിനെടുത്ത മുറിയിൽ ബേക്കറി തുടങ്ങാൻ അനുവദിക്കരുതെന്ന് കാട്ടി താൻ നഗരസഭാ സെക്രട്ടറിക്കു പരാതി നൽകിയതായി പാലാ നഗരസഭാ ഭരണപക്ഷാംഗം ടോണി തോട്ടം പറഞ്ഞു. എന്നാൽ ഇതിനോടകം നഗരസഭയിൽ നിന്ന് ബസുടമകൾ കച്ചവടത്തിനുള്ള ലൈസൻസ് വാങ്ങിക്കഴിഞ്ഞതായും ടോണി കുറ്റപ്പെടുത്തി. അവിടെ വ്യാപാരം തുടങ്ങിയാൽ അത് പൂട്ടിക്കും . അതിനായി വേണ്ടിവന്നാൽ സമരവും ആരംഭിക്കും. ബസ് സ്റ്റാൻഡിലെ മറ്റ് വ്യാപാരശാലകൾക്ക് നഗരസഭ ലക്ഷങ്ങൾ സെക്യൂരിറ്റി വാങ്ങിയിട്ടുണ്ട്. കേവലം ആയിരം രൂപാ മാത്രം വാടക നൽകുന്ന ബസുടമകളെ അവിടെ കച്ചവടം നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ടോണി തോട്ടം മുന്നറിയിപ്പ് നൽകുന്നു.

 മുറി അനുവദിച്ചത് വ്യാപാര ആവശ്യത്തിന് ബസുടമകൾ

ബസ് സ്റ്റാൻഡിൽ തങ്ങൾക്ക് മുറി അനുവദിച്ചത് വ്യാപാര ആവശ്യത്തിനാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പാലാ യൂണിറ്റ് സെക്രട്ടറി ഡാന്റീസ് തെങ്ങുംപള്ളിക്കുന്നേൽ പറയുന്നു. എന്നാൽ അവിടെ ബേക്കറി തുടങ്ങുന്നൂവെന്ന വാദം തെറ്റാണ്. ബസ് ജീവനക്കാർക്ക് ആവശ്യമായ ടിക്കറ്റ് മെഷീൻ ഉപകരണങ്ങളും പേപ്പർ റോളുകളും മറ്റും വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ബസുടമകളുടെ ഓഫീസിനടുത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ഭക്ഷണശാലയ്ക്ക് വേണ്ടിയാണ് കൗൺസിലർ ടോണി തോട്ടം തങ്ങൾക്കെതിരെ രംഗത്തു വന്നിട്ടുള്ളതെന്നും, ഈ ഭക്ഷണശാലയെ സംബന്ധിച്ച് അറിയാൻ തിങ്കളാഴ്ച നഗരസഭയിൽ വിവരാവകാശപ്രകാരം അപേക്ഷ നൽകുമെന്നും ഡാന്റീസ് പറഞ്ഞു.

 ബസുടമകൾക്ക് അനുവദിച്ച മുറിയിൽ കുപ്പിവെള്ളവും, ടിക്കറ്റ് മെഷീൻ ഉപകരണങ്ങളുമാണ് വിൽക്കുന്നതെന്നാണ് അവർ അറിയിച്ചത്. ഇതിനായി ലൈസൻസ് അനുവദിച്ചിട്ടുണ്ട്. എല്ലാവിധ രേഖകളുമായി ബസ്സുടമകൾ എത്തിയപ്പോഴാണ് ലൈസൻസ് അനുവദിച്ചത്. ഓഫീസിൽ മൈക്ക് അനൗൺസ്‌മെന്റ് പാടില്ലെന്ന നിർദ്ദേശം മാത്രമാണ് ബസ്സുടമകൾക്ക് നൽകിയത് -- ബിജി ജോജോ, നഗരസഭ പാലാ നഗരസഭാ ചെയർപേഴ്‌സൺ