വൈക്കം: വെള്ളപ്പൊക്കത്തിൽ വീട് തകർന്ന ടി. വി. പുരം ചാണയിൽ ലക്ഷ്മണന്റെ നിർദ്ധന കുടുംബത്തിന് വീട് വച്ച് കൊടുക്കാൻ സുമനസുകളുടെ കൂട്ടായ്മ. കഴിഞ്ഞവർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ ലക്ഷ്മണന്റെ മൂന്ന് സെന്റ് ഭൂമിയിലുണ്ടായിരുന്ന വീട് തകർന്നിരുന്നു. വീട് പുനർനിർമ്മിക്കാൻ ലക്ഷ്മണൻ മോളി ദമ്പതികൾക്ക് മാർഗമില്ലാതായി. തലചായ്ക്കാനൊരിടം തേടി വിഷമിക്കുകയായിരുന്നു ഈ കുടുംബം. വൈക്കം സെന്റ് തെരേസാസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും ഏക മകളുമായ ആര്യാമോളുടെ പഠനവും വിഷമത്തിലായി. മകളുടെ സംരക്ഷണത്തിന് ഇടമില്ലാതെ വിഷമിക്കുമ്പോഴാണ് സുമനസുകളുടെ സഹായം ഇവരെ തേടിയെത്തിയത്. ജനമൈത്രി പൊലീസും, ജനമൈത്രി സമിതിയും, ടി. വി. പുരം പഞ്ചായത്തും കൈകോർത്തപ്പോൾ ലക്ഷ്മണന്റെ നിർദ്ധന കുടുംബത്തിന് തലചായ്ക്കാൻ ഇടമൊരുങ്ങി. മൂന്ന് സെന്റ് ഭൂമിയിൽ അടിത്തറയുടെ നിർമ്മാണം പൂർത്തിയായി.
ശനിയാഴ്ച രാവിലെ വൈക്കം എ. എസ്. പി. അരവിന്ദ് സുകുമാർ കട്ടിള വയ്പ്പും നടത്തിയതോടെ അന്തിയുറങ്ങാൻ ഒരിടത്തിന് പ്രതീക്ഷയായി. നിർമ്മാണം ഉടനെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. ചടങ്ങിൽ സർക്കിൾ ഇൻസ്‌പെക്ടർ എസ്. പ്രദീപ്, ജനമൈത്രി സമിതിയംഗങ്ങളായ സെബാസ്റ്റ്യൻ ജോർജ്, സിന്ധു ഹരിദാസ്, സി. ആർ. ഒ. സി. എ. ബിജു, ഭാരവാഹികളായ കെ. ശിവപ്രസാദ്, പി. എം. സന്തോഷ് കുമാർ, ടി. ആർ. സുരേഷ്, എം. ആർ. റെജി, ജോർജ് കൂടല്ലി, സജീവ്, ലൈലാ ജയരാജ്, ജലീല, പി. സോമൻ പിള്ള എന്നിവർ പങ്കെടുത്തു.