കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ നാല് യുവാക്കളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ വാഹനം കണ്ട് അതിവേഗം നിർത്താതെ പോയ ഇവരുടെ നമ്പർ കണ്ടെത്തി യുവാക്കളെ നാലു പേരെയും വീട്ടിലെത്തി പൊക്കുകയായിരുന്നു മോട്ടോർ വാഹന വകുപ്പ് സംഘം.
ഈരയിൽക്കടവ് ബൈപ്പാസ് റോഡ് ടാർ ചെയ്തതിനു പിന്നാലെ ഇവിടെ ബൈക്ക് യാത്രക്കാരുടെ അഭ്യാസ പ്രകടനം പതിവായിരുന്നു. ഇതിനെതിരെ നാട്ടുകാർ നിരന്തരം പരാതി നൽകിയതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയായിരുന്നു.
ഇതിനിടെയാണ് ഈരയിൽക്കടവ് റോഡിൽ അഭ്യാസ പ്രകടനം നടത്തുന്ന ബൈക്ക് യാത്രക്കാരായ യുവാക്കളെ മോട്ടോർ വെഹിക്കിൾ സംഘം കണ്ടെത്തിയത്. ഈരയിൽക്കടവ് റോഡിൽ വാഹനം സ്റ്റണ്ട് ചെയ്യിക്കുകയും, വീൽ ചെയ്യിക്കുകയും ചെയ്യുകയായിരുന്നു യുവാക്കൾ. ഇവർ വാഹനം സ്റ്റണ്ട് ചെയ്യുന്നതിന്റെ ചിത്രം മറ്റൊരു യുവാവ് പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ദൂരെ നിന്ന് കണ്ടതോടെ അതിവേഗം ഇവർ ബൈക്ക് എടുത്ത് പാഞ്ഞു. ഇതോടെ മോട്ടോർ വാഹന വകുപ്പ് സംഘം പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്തു നിന്നുള്ള നിരീക്ഷണ കാമറ പരിശോധിച്ചാണ് നാല് ബൈക്കുകളുടെയും നമ്പർ കണ്ടെത്തിയത്. തുടർന്നാണ് യുവാക്കളെ പിടികൂടിയത്.