വയനാട്ടിലും മലപ്പുറത്തും ഉണ്ടായതുപോലെ കോട്ടയത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും വൻ ഉരുൾപൊട്ടലുണ്ടായേക്കുമെന്ന് എല്ലാവരും ചേർന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പേടിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ച ക്രൈം ത്രില്ലർ കഥയാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.
അവസാനം മലപോലെ വന്നത് എലി പോലായി .ജനങ്ങൾ വിരണ്ടതു മാത്രം മിച്ചം .മഴ പെയ്തു തോർന്നിട്ടും മരം പെയ്യുന്നെന്ന് പറഞ്ഞതു പോലെ ഇല്ലാത്ത ഉരുൾപൊട്ടലിന്റെ പേരിൽ വല്ലാത്ത വിവാദം തുടരുകയാണിപ്പോഴും .
പൂഞ്ഞാർ മണ്ഡലത്തിൽ പെട്ട തെക്കേക്കര , അടുക്കം, കൂട്ടിക്കൽ പ്രദേശങ്ങൾ ഉരുൾപൊട്ടൽ കേന്ദ്രമായാണ് അറിയപ്പെടുന്നത് . കാലവർഷത്തിനൊപ്പം ഇവിടെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പതിവാണ്. സമീപനാളുകളിലായി ഭാഗ്യത്തിന് കുറേ കൃഷിസ്ഥലങ്ങൾ മണ്ണുമൂടുന്ന ചെറിയ ഉരുൾപൊട്ടൽ മാത്രമാണുണ്ടായത്. ഈ വർഷം നിരവധി പേരുടെ ജീവനെടുത്ത കവളപ്പാറ മോഡൽ വൻ ഉരുൾപൊട്ടലുണ്ടാവുമെന്നായിരുന്നു പ്രചാരണം. ജനപ്രതിനിധികളും പൊലീസും ദുരന്തസേനയുമെല്ലാം രംഗത്തിറങ്ങി . മൈക്ക് അനൗൺസ് മെന്റ് വരെ നടത്തിയായിരുന്നു പൊലീസിന്റെയും മറ്റും വിരട്ടൽ. അച്ചടി ദൃശ്യമാദ്ധ്യമങ്ങളും ഇതിന് വലിയ പ്രചാരം കൊടുത്തതോടെ ജനങ്ങൾ ശരിക്കും വിരണ്ടു. പലരും വീട് വിട്ട് ക്യാമ്പിലെത്തി . ഇത് എത്ര കണ്ടിട്ടും കേട്ടിട്ടുമുണ്ടെന്ന മട്ടിൽ ക്യാമ്പിൽ പോകാത വീട്ടിലിരുന്നവരെ വിരട്ടി ക്യാമ്പിലെത്തിക്കുന്ന തരത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് മൈക്ക് അനൗൺസ്മെന്റും നട്ടപാതിരായ്ക്കുണ്ടായി. ഉടുതുണിമാത്രമായാണ് പലരും ക്യാമ്പിലെത്തിയത്. ദുരന്തമൊന്നും സംഭവിക്കാതെ വന്നതോടെ നാട്ടുകാർ തങ്ങളെ വിരട്ടിയവരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുകയാണിപ്പോൾ .
ഇന്ത്യ ചന്ദ്രയാൻ യാത്ര വരെ നടത്തുന്ന ഇക്കാലത്ത് പ്രകൃതി ദുരന്തം പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിലെങ്ങുമില്ല . മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്ന മട്ടിൽ നമ്മുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ് പോലായിരുന്നു വൻ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന പ്രചാരണം. വീട് വിട്ടിറങ്ങി ക്യാമ്പിലെത്താൻ ജനങ്ങളുടെ കാലും കൈയും പിടിക്കുന്ന തരത്തിൽ ജനനേതാക്കളുടെ അഭ്യർത്ഥന ഉണ്ടായി. ജനങ്ങളെ പേടിപ്പിക്കാനുള്ള ശ്രമമെന്ന മട്ടിൽ എതിർ പ്രചാരണവുമുണ്ടായതോടെ ഉരുൾപൊട്ടലിനെ ചൊല്ലിയും രാഷ്ടീയ യുദ്ധമായി. സാമൂഹ്യമാദ്ധ്യമങ്ങളിൽ വാക് പോര് മുറുകി. പരസ്പരം ചീത്തവിളിയും പരിഹാസവുമുണ്ടായി.
..........പൂഞ്ഞാറിൽ ഉരുൾ പൊട്ടി ഒരു ദുരന്തമുണ്ടാകാതിരുന്നതിന് ദൈവത്തിന് നന്ദി പറയാം. നമുക്ക് വേണ്ടത് പ്രകൃതി ദുരന്തം മുൻ കൂട്ടി അറിയാനുള്ള സംവിധാനമുണ്ടാക്കുകയാണ്. ബന്ധപ്പെട്ടവർ അതിനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ജനങ്ങളെ വിരട്ടി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനല്ല.