പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് ശിലയിട്ടു
പാലാ : 'ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യപ്രാപ്തി വരെ പ്രയത്നിക്കുക" എന്ന സ്വാമി വിവേകാനന്ദന്റെയും 'ഒരു ശതമാനം പ്രതിഭയും 99 ശതമാനം അദ്ധ്വാനവും ചേരുന്നതാണ് ബുദ്ധിസാമർത്ഥ്യം" എന്ന ഐൻസ്റ്റീനിന്റെയും സൂക്തങ്ങൾ വേദപ്രമാണമായി സ്വീകരിക്കുന്നവർക്കാണ് സിവിൽ സർവീസിലെ ഉന്നതപദവികൾ നേടാനാവുന്നതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സരപരീക്ഷകളിലെ വിജയത്തിനപ്പുറം ഭരണസിരാകേന്ദ്രങ്ങളിൽ മൂല്യാധിഷ്ഠിത സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഈ ലക്ഷ്യപ്രാപ്തിയിലേക്ക് മുന്നേറണമെന്ന് സ്ഥാപകപിതാവ് കൂടിയായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പറഞ്ഞു. എല്ലാ മേഖലകളിലും ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്ന ഫിനിഷിംഗ് സ്‌കൂളായി മാറുന്ന സിവിൽ സർവീസ് കോംപ്ലക്‌സിന്റെ വികസനത്തോടെ, വിദ്യാഭ്യാസകേന്ദ്രമായ പാലാ വിദ്യാഭ്യാസ തലസ്ഥാനമായി മാറുമെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. എം.എൽ.എമാരായ പി.സി ജോർജ് , മോൻസ് ജോസഫ്, മാനേജർ ഫാ.ഫിലിപ്പ് ഞരളക്കാട്ട്, പ്രിൻസിപ്പൽ ഡോ.ജോസഫ് വെട്ടിക്കൻ എന്നിവർ പ്രസംഗിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, മുൻ എം.പി മാരായ വക്കച്ചൻ മറ്റത്തിൽ, അഡ്വ. ജോയി എബ്രാഹം, മുൻ വൈസ് ചാൻസലർമാരായ ഡോ. സിറിയക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യൻ, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോൺ മംഗലത്ത്, അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വികാരി ജനറാൾമാരായ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ, രൂപതാ ചാൻസലർ റവ. ഡോ.ജോസ് കാക്കല്ലിൽ, പ്രൊക്കുറേറ്റർ ഫാ. ജോസ് നെല്ലിക്കതെരുവിൽ, സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. ജോർജ് ജോസഫ്, ഡോ. ബേബി തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.