അടിമാലി: അടിമാലി ടൗണിൽ ഇരുചക്ര വാഹനം കാൽനട യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കാൽനട യാത്രികനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കാൽനടയാത്രികനായ അടിമാലി സ്വദേശിയായ വട്ടകുടി സലിമിനാണ് (55) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ അടിമാലി കാംകോ ജംഗ്ഷനിലായിരുന്നു അപകടം. ദേശീയപാത മുറിച്ച് കടന്ന് മറുവശത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിനരികിലേക്ക് പോകുന്നതിനിടയിൽ അമ്പലപ്പടി ഭാഗത്ത് നിന്ന് വന്ന ഇരുചക്ര വാഹനം കാൽനടയാത്രികനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. വാഹനമോടിച്ചിരുന്ന അടിമാലി ചാറ്റുപാറ സ്വദേശി പുത്തൻപുരക്കൽ വിഷ്ണു (22), മുരിപ്പാറ അലൻ(17) എന്നിവർക്കും പരിക്കേറ്റു. ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സലിമിന്റെ തലയ്ക്ക് ഗരുതര പരിക്കേറ്റു. യുവാക്കളുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ടൗണിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ കാംകോയിൽ അപകടങ്ങൾ നിത്യസംഭവമാണ്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.