patient-in-stretcher
ചിത്രം. ആംബുലന്‍സ് വിളിച്ചിട്ടും വരാത്തതിനെ തുടര്‍ന്ന് രോഗിയെ സ്ട്രച്ചറില്‍ സ്വകാര്യ ലാബില്‍ എക്‌സെ റെ എടുക്കുന്നതിന് കൊണ്ടു പോകുന്നു.

അടിമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ എക്‌സ്‌റേ എടുക്കാൻ ആശുപത്രിയ്ക്ക് പുറത്തുള്ള സ്വകാര്യ ലാബിൽ കൊണ്ടുപോകാൻ അടിമാലിയിലെ സ്വകാര്യ ആംബുലൻസുകാർ തയ്യാറായില്ല. തുടർന്ന് രോഗിയെ സ്ട്രച്ചറിൽ ആശുപത്രിയിൽ നിന്ന് 300 മീറ്റർ അകലെയുള്ള സ്വകാര്യ ലാബിലേക്ക് കൊണ്ടു പോകേണ്ടി വന്നു. കാൽനടയാത്രികനെ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രികനായ അടിമാലി പുത്തൻപുരയ്ക്കൽ വിഷ്ണുവിനെയാണ് (22) ആംബുലൻസുകാർ തഴഞ്ഞത്. അടിമാലിയിൽ ഏഴ് സ്വകാര്യ ആംബുലൻസുകൾ ഉണ്ടായിട്ടും രോഗിയെ കൊണ്ടുപോകാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മറ്റൊരു വാഹനാപകടത്തിൽ രോഗിയെ സ്വകാര്യ ആംബുലൻസ് വിളിക്കാതെ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ കൊണ്ടുപോയതിലുള്ള നീരസമാണ് സ്വകാര്യ ആംബുലൻസുകാർ കാണിച്ചത്. അടിമാലിയിലെ സ്വകാര്യ ആംബുലൻസ് സർവീസുകാർക്കെതിരെ നാട്ടുകാർക്ക് വ്യാപകമായ പരാതിയാണുള്ളത്.