ചങ്ങനാശേരി: ചങ്ങനാശേരി അസംപ്ഷൻ കോളേജ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ജ്യോതി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. അതിൽ 8 പേർ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ രാവിലെ 10 ഓടെയാണ് വിദ്യാർത്ഥികൾ ആശുപത്രിയിൽ എത്തിയത്. വെള്ളിയാഴ്ച്ച രാത്രി ആഹാരത്തിനു ശേഷം ഉറങ്ങാൻ കിടന്ന കുട്ടികൾക്ക് വയറിളക്കം, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.ആഹാരത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണ് വിദ്യാർത്ഥികൾക്കുണ്ടായതെന്ന് പ്രാഥമിക നിരീക്ഷണത്തിൽ ഡോക്ടർമാർ പറഞ്ഞു. ആശുപത്രി അധികൃതർ ഫുഡ് സേഫ്റ്റി വിഭാഗത്തെയും വിവരമറിയിച്ചു. നഗരസഭ വിഭാഗത്തെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആശുപത്രിയിൽ എത്തി.