കോട്ടയം : പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജീവനക്കാർ അവധിയെടുക്കരുതെന്ന നിർദ്ദേശം ലംഘിച്ച് പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി മായ. സെക്രട്ടറിക്ക് പകരം ദുരിതബാധിതർക്ക് ധനസഹായം നൽകുന്നതിനെപ്പറ്റി അന്വേഷിക്കാൻ പോയത് പ്യൂൺ. സംഭവം വിവാദമായതോടെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി മുന്നൂറോളം ആളുകളാണ് പഞ്ചായത്തിൽ ദുരിതം അനുഭവിക്കുന്നത്. ഇവർക്കുള്ള സഹായം നൽകേണ്ടത് സംബന്ധിച്ചു അന്വേഷണം നടത്തേണ്ടത് പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും അടങ്ങുന്ന സംയുക്ത സംഘമാണ്.

കഴിഞ്ഞ പ്രളയകാലത്ത് അനർഹർ അനധികൃതമായി ദുരിതാശ്വാസ തുക തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷകൾ പരിശോധിച്ച് അർഹരെ കണ്ടെത്താൻ സർക്കാർ പ്രത്യേക സമിതിക്ക് രൂപം നൽകിയത്. ഇതു കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയും പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്. ഇത് നിലനിൽക്കെയാണ് മേലുദ്യോഗസ്ഥരുടെ അനുവാദം നേടാതെ സെക്രട്ടറി 16നും, 17നും അവധിയെടുത്തത്. അസിസ്റ്റന്റ് സെക്രട്ടറി, സൂപ്രണ്ട്, അക്കൗണ്ടന്റ്, ക്ലർക്കുമാർ, അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർമാർ എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥരുള്ളപ്പോഴാണ് താരതമ്യേന ഉത്തരവാദിത്തം കുറഞ്ഞ ഉദ്യോഗസ്ഥനെ അന്വേഷണം നടത്താൻ നിയോഗിച്ചത്. ഇതിനെതിരെയാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യുവിന്റെ നേതൃത്വത്തിൽ അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധിച്ചത്. സെക്രട്ടറിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർക്കും ജില്ലാ കളക്ടർക്കും എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്.