ഇടുക്കി: പാമ്പനാർ എസ്.എൻ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇന്നലെയും സി.പി.എം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രിൻസിപ്പൽ സനൂജ്.സി ബ്രീസിവില്ലയെയും മറ്റ് ജീവനക്കാരെയും വിദ്യാർത്ഥികളെയും കോളേജ് കവാടത്തിൽ തടഞ്ഞ് നിറുത്തി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഇന്നലെ രാവിലെ 10ന് കോളേജിൽ എത്തിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയുമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട് വിദ്യാർത്ഥികൾക്ക് ടി.സി നൽകാനുള്ള കോളേജ് കൗൺസിലിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രധാന കവാടത്തിൽ എസ്.എഫ്.ഐ- സി.പി.എം പ്രവർത്തകർ തടഞ്ഞത്. കോളേജിന്റെ കതകുകളും ജനലുകളും നശിപ്പിക്കാൻ ശ്രമിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു.

പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് കോളേജ് കവാടത്തിൽ ഉച്ചഭാഷിണിയിലൂടെ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി എസ്.എഫ്.ഐ പ്രവർത്തകർ കോളേജിൽ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. വൈള്ളിയാഴ്ച വൈകിട്ടും കോളേജ് കവാടത്തിന് മുന്നിൽ പ്രിൻസിപ്പലിനെ തടഞ്ഞുവച്ച ശേഷം മർദ്ദിക്കാൻ ശ്രമിച്ചിരുന്നു. ഓഫീസിലേക്ക് മടങ്ങിയ പ്രിൻസിപ്പലിനെ പിന്നീട് പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈമാസം രണ്ടിന് വനിതാ അദ്ധ്യാപികയേയും വിദ്യാർത്ഥികളെയും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ക്ലാസ് മുറിയിൽ പൂട്ടിയിട്ടത് മുതലാണ് പ്റശ്നങ്ങളുടെ തുടക്കം. ഈ വിഷയം ചർച്ച ചെയ്യാൻ തൊട്ടടുത്ത ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലേക്ക് മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകൻ അതിക്രമിച്ച് കയറി ഹാജർ ബുക്കും മറ്റ് ഓഫീസ് ഉപകരണങ്ങളും നശിപ്പിച്ചു. തുടർന്ന് രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെയും കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കോളേജ് കൗൺസിൽ നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നിൽ രണ്ട് വിദ്യാർത്ഥികളും കുറ്റം സമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്തംബർ അഞ്ചിന് റാഗിംഗ് കേസിലുൾപ്പെട്ട വ്യക്തിയടക്കം നടപടി നേരിട്ടവരിലുണ്ട്. അദ്ധ്യാപികയെ ഭീഷണിപ്പെടുത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയും ഇന്നലത്തെ അക്രമിസംഘത്തിലുണ്ടായിരുന്നു. ഇന്നലെ രാവിലെ 11ന് കോളേജിൽ ചേർന്ന പി.ടി.എ യോഗത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഒന്നടങ്കം കോളേജിന്റെ നടപടിയെ പിന്തുണച്ചു. രക്ഷിതാക്കളുടെ അടിയന്തര യോഗം നാളെ രാവിലെ 10ന് ചേരാൻ തീരുമാനിച്ചിട്ടുണ്ട്.