ചങ്ങനാശേരി: കഴിഞ്ഞ മൂന്നു ദിവസമായി മഴയ്ക്ക് ശമനം ഉണ്ടാവുകയും കിഴക്കൻ വെള്ളത്തിന്റെ വരവിന് ശക്തികുറയുകയും ചെയ്തതോടെ ചങ്ങനാശേരി പടിഞ്ഞാറൻ മേഖലയിലും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത് ദുരിതബാധിതർക്ക് ആശ്വാസമായി. എ സി റോഡിൽ ജലനിരപ്പ് താഴ്ന്നതിനാൽ കഴിഞ്ഞ ഒരാഴ്ചയായി നിലച്ചിരുന്ന ചങ്ങനാശേരി ആലപ്പുഴ സർവ്വീസ് ഭാഗികമായി പുനസ്ഥാപിച്ചു. എ സി റോഡിൽ ചങ്ങനാശേരിയിൽ നിന്ന് പള്ളിക്കൂട്ടമ്മവരെയും ആലപ്പുഴയിൽ നിന്ന് മങ്കൊമ്പ് വരെയും കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. മാസങ്ങളായി തടസപെട്ടിരുന്ന ചങ്ങനാശേരി ആലപ്പുഴ ജലഗതാഗതം പുനരാരംഭിച്ചത് ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെയും കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിൽ ഉള്ളവർക്കും വെള്ള പൊക്കത്തിൽ ആശ്വാസമായി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് താഴുകയും വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുകയും ചെയ്തതിനെ തുടർന്ന് തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലായി നിലവിലുളള മൂന്ന് ക്യാമ്പുകൾ താലൂക്ക് തഹസിൽദാർ പിരിച്ചുവിട്ടു. ആകെയുള്ള 31 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണമാണ് പിരിച്ചുവിട്ടത്. ബാക്കി 28 ക്യാമ്പുകളിൽ 1266 കുടുംബങ്ങളിൽ നിന്നായി 4518 പേരാണ് നിലവിലുള്ളത്. ബാക്കിയുള്ള മുഴുവൻ ക്യാമ്പുകളിലും അലോപ്പതി, ആയുർവേദ ചികിത്സയും സർക്കാർ നേതൃത്വത്തിൽ നടന്നുവരുന്നു.