ചങ്ങനാശേരി: വീട്ടമ്മയുടെ മരണത്തിന് കാരണമായ കാർ അപകടശേഷം നിറുത്താതെ കടന്നു കളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവൂർ പള്ളിത്തോട് പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ നിദ്രാവേലിൽ അമൽ പ്രതീഷിനെ (38) ആണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.മനപ്പൂർവമല്ലാത്ത നരഹത്യക്കും അപകട വിവരം പൊലീസിൽ അറിയിക്കുകയോ പ്രഥമ ശുശ്രൂഷ നൽകുകയോ ചെയ്യാതെ കാർ നിറുത്താതെ പോയതിനും ഇയാൾക്കെതിരെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ അമലിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.