കോട്ടയം: കിഴക്ക് മലയെങ്കിൽ പടിഞ്ഞാറ് കായൽ. ഭൂമി ശാസ്ത്രപരമായി ഈ ഭിന്നത നിലനിൽക്കെ പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിൽ ജില്ലയ്ക്ക് മൊത്തത്തിൽ ഒരു പദ്ധതി പ്രയോജനകരമാവില്ല. അനുഭവസ്ഥരുമായി ബന്ധമില്ലാതെ പദ്ധതി ആസൂത്രണം നടത്തുന്നതാണ് ജില്ലയിൽ ദുരന്തങ്ങൾ വർഷാവർഷം ആവർത്തിക്കുന്നതിനുള്ള പ്രധാനകാരണം.

മലനാടും ഇടനാടും തീരപ്രദേശവുമുൾപ്പെടുന്ന കോട്ടയം ജില്ലയ്ക്ക് ഭൂമിശാസ്ത്രമറിഞ്ഞുള്ള പദ്ധതികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എല്ലാവർഷവും മുടങ്ങാതെ രണ്ടുതവണ വെള്ളം കയറുന്നതും വല്ലപ്പോഴുമൊരിക്കൽ വെള്ളം കയറുന്നതുമായ പ്രദേശങ്ങൾ പടിഞ്ഞാറൻ മേഖലയിലെ ഓരോ പഞ്ചായത്തിലുമുണ്ട്. മീനച്ചിലാറ്റിലെ നീരൊഴുക്കിനനുസരിച്ച് ഒന്നാേ രണ്ടോ ദിവസം മാത്രം ചിലയിടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവും, ചിലയിടങ്ങളിലാവട്ടെ, വെള്ളക്കെട്ട് മാസങ്ങളോളം നീണ്ടുനിൽക്കും. കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര പഞ്ചായത്തുകളാണ് പ്റളയബാധിത പ്രദേശങ്ങളിൽ മുൻപന്തിയിലുള്ളത്. അതിൽത്തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ മിക്കവാറും പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. എന്നാൽ പഞ്ചായത്തിന്റെ ഒന്നും മൂന്നും വാർഡുകളിലെ കരിപ്പൂത്തട്ട്, കല്ലുങ്കത്ര പ്രദേശങ്ങളുടെ സ്ഥിതി വിഭിന്നമാണ്. ഒരിക്കലുണ്ടാകുന്ന വെള്ളപ്പൊക്കം രണ്ടുമാസംവരെ നീണ്ടുനിൽക്കും. വെള്ളമിറങ്ങിയാൽ രോഗദുരിതങ്ങൾ വേറെയും. അതുകൊണ്ടുതന്നെ അയ്മനം പഞ്ചായത്തിന് പൊതുവിൽ ബാധകമായ ആശ്വാസപദ്ധതികളൊന്നും കരീമഠം, കല്ലുങ്കത്ര നിവാസികൾക്ക് പ്രയോജനപ്പെടാറില്ല.

പടിഞ്ഞാറൻ കായലോരത്ത് സ്ഥിതി ഇതാണെങ്കിൽ കിഴക്കിന്റെ നൊമ്പരം വേറിട്ടതാണ്. കാറ്റുവീശിയാൽ, മാനമിരുണ്ടാൽ, ഇടിമിന്നലുണ്ടായാൽ മലയോരനിവാസികളുടെ ഉറക്കംകെടും. മണ്ണിടിഞ്ഞും മരംവീണും ഇടിവെട്ടിയുമൊക്കെ ഒരുപാട് ദുരന്തങ്ങൾ ഇവിടങ്ങളിൽ ആവർത്തിക്കുന്നു. ചെങ്കുത്തായ ഭൂപ്രദേശത്ത് വീടുവച്ച് കഴിയുന്നവരാണ് ദുരന്തഭീതി നേരിടുന്നവരിൽ ഏറെയും. മറ്റു മാർഗമില്ലാത്തതിനാൽ എല്ലാം ഇട്ടെറിഞ്ഞ് നാടുവിടാനും കഴിയില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ വരുമ്പോൾ മാത്രം എത്തി നോക്കുന്ന സർക്കാർ സംവിധാനങ്ങൾക്കൊണ്ട്

ഇവരുടെ ആകുലതകൾ അകറ്റാനാവില്ല.

പ്രതിസന്ധികൾ

രണ്ടുമാസംവരെ നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കം മൂലമുള്ള ദുരിതം

 ടാങ്കുകൾ കവിഞ്ഞ് വിസർജ്യം കലർന്നുണ്ടാകുന്ന ജലമലിനീകരണം

 കോഴിയും താറാവും സസ്യങ്ങളും അഴുകിയുണ്ടാകുന്ന ദുർഗന്ധം

 വീട് അൽപ്പാൽപ്പമായി ചേറിലേക്ക് താഴുന്നുപോകുന്ന പ്രതിഭാസം

ക്വാറികളിലെ സ്ഫോടനങ്ങളിൽ വിണ്ടുകീറുന്ന വീടുകളും മലകളും