കോട്ടയം: നാലുപാടും വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ അഭയം തേടിയവരോട് ജില്ലാ ഭരണകൂടത്തിന് ചിറ്റമ്മനയം.
അയ്മനം പഞ്ചായത്തിലെ കരിപ്പൂത്തട്ട്, കല്ലുങ്കത്ര പാടശേഖരങ്ങളുടെ പുറംബണ്ടിൽ താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് പത്തുദിവസമായി പാലത്തിൽ കഴിയുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ ഇരുനൂറ്റി അമ്പതോളം ആളുകളും വളർത്തുമൃഗങ്ങളും പാലത്തിലുണ്ട്. പ്രളയബാധിത മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് ഭക്ഷ്യസാധനങ്ങളും മറ്റും സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യുമ്പോൾ പാലം ക്യാമ്പിൽ ഇതുവരെ രണ്ടുചാക്ക് അരിമാത്രമാണ് നൽകിയത്. കെ.സുരേഷ് കുറുപ്പ് എം.എൽ.എ, ഡി.വൈ.എഫ്.ഐ ഏറ്റുമാനൂർ ബ്ലോക്ക് സമിതി, പ്രൈവറ്റ് ബിൽഡിംഗ്സ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ, അഭയം ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ കാരുണ്യത്താലാണ് കഴിഞ്ഞ 10 ദിവസമായി ഈ ക്യാമ്പ് പ്രവർത്തിക്കുന്നത്. രാത്രിയായാൽ എല്ലാവർക്കും പാലത്തിൽ അന്തിയുറങ്ങാൻ ഇടമില്ലാത്തതിനാൽ മൂന്നടിയോളം വെള്ളമുള്ള വീട്ടിൽ കട്ടിലുകൾ അടുക്കിവച്ച് അതിനുമുകളിലിരുന്നാണ് സ്ത്രീകളും കുട്ടികളും നേരംവെളുപ്പിക്കുന്നത്. പകൽസമയം പാലത്തിലെത്തിയാൽ ആഹാരം കിട്ടുമെങ്കിലും മലമൂത്ര വിസർജനത്തിന് സൗകര്യമില്ലാതെ ആളുകൾ നരകയാതന അനുഭവിക്കുന്നു. പ്രാഥമീകാവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ വെള്ളംപോലും കുടിക്കാതെ കഴിച്ചുകൂട്ടുന്നവരുണ്ടെന്നതാണ് ഏറെ ദയനീയം. താത്കാലിക ശൗചാലയങ്ങൾ സ്ഥാപിക്കുന്നതിനെോ ശുദ്ധജലം എത്തിക്കുന്നതിനോ പഞ്ചായത്ത് അധികൃതർപോലും തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്.
ക്യാമ്പ് 3 കിലോമീറ്റർ അകലെ
നാലുപാടും വെള്ളം കയറിയ ഈ പ്രദേശത്തുനിന്ന് കിലോമീറ്ററുകൾ അകലെയാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ക്യാമ്പ് തുടങ്ങിയ ആദ്യ നാളുകളിൽ പുറത്തേക്ക് കടക്കാനുള്ള എല്ലാ വഴികളും ഒരാൾ താഴ്ചയിലേറെ വെള്ളത്തിലായിരുന്നു. ഇപ്പോഴും സ്ഥിതി ഏതാണ്ട് അങ്ങനെതന്നെ തുടരുകയാണ്. വീട് ഉപേക്ഷിച്ച് ദൂരത്തേക്ക് പോയാൽ വളർത്തുമൃഗങ്ങളും കോഴിയും താറാവുമൊക്കെ നഷ്ടപ്പെടും. പകൽ സമയത്തെങ്കിലും വീട്ടിലും പരിസരത്തും ആളനക്കം ഉണ്ടായില്ലെങ്കിൽ ഇഴജന്തുക്കൾ നുഴഞ്ഞുകയറും. ജില്ലയിലെ പാടശേഖരങ്ങളിൽ ഏറ്റവും അധികം വിഷപാമ്പുകളുടെ സാമിപ്യമുള്ള പ്രദേശമാണിവിടം.
10000 രൂപയുടെ ധനസഹായം കിട്ടണമെങ്കിൽ ദുരിതാശ്വാസക്യാമ്പിൽ താമസിക്കണമെന്ന മാനദണ്ഡം അശാസ്ത്രിയമാണ്. ക്യാമ്പിൽ എത്താൻ സാധിക്കാത്തവരും ദുരിതബാധിതരുടെ കൂട്ടത്തിലുണ്ട്. കല്ലുങ്കത്ര- കരിപ്പൂത്തട്ട് നിവാസികളുടെ അപേക്ഷയും പ്രത്യേകം പരിഗണിക്കണം. അതുപോലെ മറ്റ് ക്യാമ്പുകളിൽ നൽകുന്നതുപോലെ എല്ലാ സഹായങ്ങളും തങ്ങൾക്കും ലഭ്യമാക്കണം
:- വി.പി. ബിജോഷ്, പാലം ക്യാമ്പ് കൺവീനർ