പാലാ : മുൻ വർഷത്തെ അത്ര തന്നെ ഭീകരമല്ലെങ്കിലും ഇത്തവണത്തെ പ്രളയവും മീനച്ചിലാറിനെ മാലിന്യക്കൂമ്പാരമാക്കി. നഗരപ്രദേശങ്ങളിലൂടെയുള്ള മീനച്ചിലാറിന്റെ ഇരുവശങ്ങളിലും, നഗരം നല്കിയ മാലിന്യക്കൂമ്പാരങ്ങൾ അടിഞ്ഞുകൂടി. കൂടുതൽ മാലിന്യങ്ങളും അടിത്തത് കണ്ണുനീര് പോലെ നദി ഒഴുകുന്ന ഗ്രാമപ്രദേശങ്ങളിലെ കരയോരങ്ങളിലാണ്. വാഗമൺ മലയടിവാരത്തു നിന്നു ഉദ്ഭവിക്കുന്ന മീനച്ചിലാർ പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ കിടങ്ങൂർ എന്നീ നഗരപ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കടന്നു പോകുന്ന നഗരങ്ങളിലേയും ചെറുപട്ടണങ്ങളിലേയും മാലിന്യങ്ങൾ ആവോളം മീനച്ചിലാർ പേറുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്തിന്റെ ബാക്കിപത്രമായി മീനച്ചിലാറ്റിലുണ്ടായിരുന്ന പ്ലാസ്റ്റിക്, ഖര മാലിന്യങ്ങൾ വിവിധ സന്നദ്ധ സംഘടനകളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും മേൽനോട്ടത്തിൽ നീക്കം ചെയ്തിരുന്നു. ഇതാ മറ്റൊരു പ്രളയകാലവും കൂടി കടന്നു പോകുമ്പോൾ ഇതിന്റെയും ബാക്കിപത്രം നദിയ്ക്ക് സമ്മാനിച്ചതും മറ്റൊന്നല്ല, ഖര, പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രം. മുത്തോലി പോലുള്ള ഭാഗങ്ങളിൽ നദിയുടെ ഇരുവശങ്ങളിലും ലോഡ് കണക്കിന് മാലിന്യമാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. ഇത്തവണ ഏതെങ്കിലും സന്നദ്ധ സംഘടനകളോ, തദ്ദേശസ്ഥാപനങ്ങളോ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങിയിട്ടുമില്ല. ആരെങ്കിലും എന്നെങ്കിലും വന്ന് താൻ ചുമക്കുന്ന ഈ മാലിന്യഭാരം എടുത്തു മാറ്റും എന്ന പ്രതീക്ഷയിൽ നിശബ്ദം ഒഴുകുകയാണ് മീനച്ചിലാർ.
ഖര - പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു
മാലിന്യം നീക്കം ചെയ്യാൻ ആരും മുന്നോട്ടുവന്നിട്ടില്ല
കഴിഞ്ഞ പ്രളയത്തിലും മീനച്ചിലാറിൽ മാലിന്യം നിറഞ്ഞിരുന്നു