പാലാ : പ്രളയം കഴിഞ്ഞ പാലാ കണ്ടപ്പോൾ സി.ആർ.പി.എഫ് ഡി.ഐ.ജി എം.എസ്.ശെഖാവത്തിന് ഒരു മോഹം മീനച്ചിലാറിന് അക്കരെയിക്കരെ ഒന്നു നീന്തണം. ആറും തോടും പുഴകളും കുളങ്ങളും അത്രയേറെ ഇഷ്ടപ്പെടുന്ന ഈ രാജസ്ഥാൻകാരൻ അത്ര നിസാരക്കാരനല്ല. സ്പ്രിംഗ് ബോർഡ് ഡൈവിംഗിലെ ദേശീയ റെക്കാഡുകാരനാണീ 57 കാരൻ. 1980 ൽ ശെഖാവത്ത് സ്ഥാപിച്ച ദേശീയ റെക്കാഡ് തകർക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. പാലായിലെ നീന്തൽ തറവാടായ തോപ്പൻസ് കുടുംബാംഗവും സി.ആർ.പി.എഫ് ഡി.ഐ.ജിയുമായ ടി.ജെ.ജേക്കബിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശെഖാവത്ത് പാലായിലെത്തിയത്: കേരളത്തിലേക്കുള്ള കന്നിയാത്ര.

' ഇവിടുത്തെ ആറും പുഴകളും ജലസമൃദ്ധിയും എത്ര മനോഹരം. ദൈവത്തിന്റെ സ്വന്തം നാട് നീന്തലിന്റെ കൂടി നാടായതിൽ അത്ഭുതമില്ല.' ശെഖാവത്ത് പറഞ്ഞു. സി.ആർ.പി.എഫ് റിട്ട.ഡിവൈ.എസ്.പിയും, പ്രധാനമന്ത്രിമാരുടെ സുരക്ഷാവിംഗ് അംഗവുമായിരുന്ന പാലാക്കാരൻ കെ.അലോഷ്യസ് കണ്ണച്ചാംകുന്നേലിനൊപ്പം പാലായിലേയും പരിസരങ്ങളിലേയും മുഴുവൻ തോടുകളും ശെഖാവത്ത് സന്ദർശിച്ചു. നിലവിൽ സി.ആർ.പി.എഫ് സൗത്ത് സോൺ അഡ്മിനിസ്‌ട്രേഷൻ ഡി.ഐ.ജി ആയ ഇദ്ദേഹം 1974 മുതൽ 79 വരെ സ്പ്രിംഗ് ബോർഡ് ഡൈവിംഗിൽ ജൂനിയർ വിഭാഗം ദേശീയ ചാമ്പ്യനായിരുന്നു. ഈ മികവിൽ 1979 ലാണ് സി.ആർ.പി.എഫിൽ ചേരുന്നത്.1980 ലാണ് റെക്കാഡോടെ ദേശീയ ചാമ്പ്യനാകുന്നത്.

മികച്ച സേവനത്തിന് രണ്ടു തവണ പ്രസിഡന്റിന്റെ പൊലീസ് മെഡൽ നേടിയിട്ടുള്ള ശെഖാവത്ത് പ്രശ്‌നബാധിത പ്രദേശത്തെ മികച്ച പ്രവർത്തനത്തിന് മെഡൽ നേടി. രാജസ്ഥാനിലെ അജ്മീർ സ്വദേശിയായ ശെഖാവത്തിന്റെ ഭാര്യ മൻ മോഹൻ വീട്ടമ്മയാണ്. രണ്ട് പെൺമക്കളിൽ മൂത്തയാൾ ഡോ.പൂനം ഇന്ത്യൻ ആർമിയിൽ മേജറാണ്. ഇളയവൾ നിർജ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലാണ്.

പാലാ ളാലം ദേവാലയത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രാജസ്ഥാനിലെ തനതു വേഷമണിഞ്ഞെത്തിയ ഡി.ഐ.ജി എം.എസ്. ശെഖാവത്ത് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി.

ളാലം ദേവാലത്തിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ രാജസ്ഥാൻ വേഷമണിഞ്ഞെത്തിയ ശെഖാവത്ത്