ഉദയനാപുരം: ഗ്രാമങ്ങളിലെ കുരുന്നുകൾക്കും വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ ലഭിക്കണമെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളിൽ കമ്പ്യൂട്ടറും ലൈബ്രറിയും ഒരുക്കി നൽകി ഒരു കുടുംബം. ഉദയനാപുരം മണിപ്പാടത്ത് സാം, ഭാര്യ ലീസ, ദുബായ് കോളേജിലെഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഫിലിപ്പ് ജോസഫ് എന്നിവരാണ് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ ഹൈടെക് ആക്കി ശാക്തീകരിക്കാൻ സഹായ ഹസ്തവുമായെത്തിയത്. വൈക്കത്തെ ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇവർ 40 കമ്പ്യൂട്ടർ നൽകുകയും കമ്പ്യൂട്ടർ ലാബ് ഒരുക്കാനുള്ള സഹായവും ചെയ്തു. വൈക്കം ഗവൺമെന്റ് ഗേൾസ്, വൈക്കം വെസ്റ്റ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഉദയനാപുരം ഹോളി യുപി സ്‌കൂൾ തുടങ്ങിയ സ്‌കുളുകളിൽ ഇതിനോടകം കമ്പ്യൂട്ടറുകൾ നൽകി കഴിഞ്ഞു. നേരേകടവ് ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂളിലെ ആറു ക്ലാസുകൾക്കായി ആറു ലാപ്‌ടോപ്പുകളും നൽകി. ഫിലിപ്പ് തനിക്കു ലഭിച്ച പോക്കറ്റ് മണി ഉപയോഗിച്ച് കുരുന്നുകൾക്ക് വായിച്ചു വളരാൻ വിപുലമായ ലൈബ്രറിയും യാഥാർത്ഥ്യമാക്കി. അനുനിമിഷം മാറുന്ന വിവര സാങ്കേതിക വിദ്യയെക്കുറിച്ച് ഗ്രാമങ്ങളിലെ കുട്ടികൾക്ക് ബാല്യത്തിലെ അവഗാഹമുണ്ടായാൽ അവർക്ക് പുതിയ ലോകം തുറന്നുകൊടുക്കാനാകുമെന്ന് സാം പറഞ്ഞു. വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിയായ സാം ദുബായ് പോർട്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡി പി വേർഡ് കമ്പനിയുടെ ഫിനാൻസ് ഡയറക്ടറാണ്. ഉദയനാപുരം നേരേകടവ് ഗവൺമെന്റ് എൽപി സ്‌കൂളിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാം, മകൻ ഫിലിപ്പ് എന്നിവർ ചേർന്ന് ലാപ്പു ടോപ്പുകളും പുസ്തകങ്ങളും വിദ്യാർഥികൾക്ക് വിതരണം ചെയ്തു. എ.സി. ജോസഫ്, ഹെഡ്മിസ്ട്രസ് മിനിമോൾ വർഗീസ്, പിടിഎ പ്രസിഡന്റ് വിദ്യ രഞ്ജിത്ത്, അപ്പുക്കുട്ടൻ, അദ്ധ്യാപകരായ ടി.വി.ദീപ, അഞ്ജലി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.