കോട്ടയം: ശ്രീനാരായണഗുരുദേവ സമാധി ദിനമായ സെപ്തംബർ 21ന് താഴത്തങ്ങാടി മത്സരവള്ളം കളി നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ട് വള്ളംകളി മത്സരത്തിന്റെ തീയതി മാറ്റി നിശ്ചയിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു.

മഹാസമാധി ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോട്ടപ്പുറം വള്ളംകളി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള എതിർപ്പിനെത്തുടർന്ന് മാറ്റിവച്ചു, എന്നാൽ കോട്ടയം താഴത്തങ്ങാടിയിൽ ഇതേദിവസം മത്സരം നടത്താനുള്ള നീക്കം ശ്രീനാരായണഗുരുദേവ വിശ്വാസികളോടുള്ള വെല്ലുവിളിയായേ കാണാനാകു എന്ന് യൂണിയൻ കൗൺസിൽ വിലയിരുത്തി. വിശ്വാസികളുടെ വികാരം സർക്കാരിനെതിരെ തിരിച്ചുവിടാൻ ഭരണതലത്തിൽ ഏതോ ഗൂഡശക്തികൾ പ്രവർത്തിക്കുന്നുവെന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങൾ. യാതൊരു കാരണവശാലും സെപ്തംബർ 21ന് താഴത്തങ്ങാടി വള്ളംകളി നടത്താൻ അനുവദിക്കില്ല. ആവശ്യമെന്നുകണ്ടാൽ ഈ കാര്യത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കോട്ടയത്ത് ചേർന്ന യൂണിയൻ കൗൺസിൽ മുന്നറിയിപ്പ് നൽകി.

യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസി‌ഡന്റ് വി.എം. ശശി, സെക്രട്ടറി ആർ. രാജീവ്, യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.