കോട്ടയം: നഗരത്തിലെ തിരക്കേറിയ ഇടവഴികളിലൊന്നായ തിയേറ്റർ റോഡ് കീഴടക്കി 'ബ്ലാക്ക് മാഫിയ' സംഘം. തിയേറ്റർ കേന്ദ്രീകരിച്ച് ബ്ലാക്കിൽ ടിക്കറ്റ് വിൽപ്പന നടത്തുന്ന മാഫിയ സംഘങ്ങളാണ് നഗരത്തിലെ ഈ ഇടവഴി നിയന്ത്രിക്കുന്നത്. ജീവനക്കാരെയും അധികൃതരെയും വിരട്ടുന്ന സംഘത്തിൽ പോക്കറ്റടിക്കാരും നഗരത്തിലെ ഗുണ്ടകളുമാണ് ഉള്ളത്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ മൂന്നു തിയേറ്ററുകളുടെ കോംപ്ലക്‌സിൽ സജീവമായ സംഘം ടിക്കറ്റ് കൗണ്ടറുകളിൽ കൃത്രിമ തിരക്കുണ്ടാക്കിയാണ് തട്ടിപ്പിനുള്ള കളമൊരുക്കുന്നത്. ആദ്യം തന്നെ ടിക്കറ്റുകൾ ഈ സംഘം വാങ്ങി കയ്യിൽ വയ്‌ക്കും. തുടർന്ന് ഷോ ഹൗസ് ഫുൾ ആയെന്ന പ്രചാരണം നടത്തി വഴിയിൽ വച്ച് തന്നെ ആളുകൾക്ക് മൂന്നിരട്ടി വിലയ്‌ക്ക് വിൽക്കും. തിയേറ്ററുകളിലെ ജീവനക്കാർ തന്നെയാണ് എന്ന വ്യാജേനെയാണ് ഇവർ ടിക്കറ്റ് വിൽക്കുന്നത്. തിയേറ്റർ റോഡിലെ ഗതാഗതം അടക്കം നിയന്ത്രിച്ച് ഇവർ നിൽക്കുന്നതിനാൽ സിനിമാ കാണാൻ എത്തുന്നവരും സംശയിക്കുകയില്ല.

പോക്കറ്റടിക്കാരും ഗുണ്ടാ സംഘങ്ങളുമാണ് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവർക്ക് പിൻതുണ നൽകി മുന്നിൽ നിൽക്കുന്നതെന്നതിനാൽ ഇവരെ നിയന്ത്രിക്കാൻ പലപ്പോഴും തിയറ്റർ ജീവനക്കാർക്കും സാധിക്കുന്നില്ല. ഈ റോഡിലൂടെ നടക്കുന്ന സ്‌ത്രീകളെ ശല്യം ചെയ്യുന്നതിനു പിന്നിലും ഇതേ ഗുണ്ടാ സംഘം തന്നെയാണ്. ഈ സാഹചര്യത്തിൽ പൊലീസ് ഇടപെടലുണ്ടാകണമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനോട് തിയേറ്റർ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.