കോട്ടയം: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പാമ്പാടി വെള്ളൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി ( ടി.എച്ച്.എസ്) സ്കൂൾ നാഷണൽ സർവീസ് സ്കീം അംഗങ്ങൾ മാതൃകയായി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ നിർമ്മിച്ച നോട്ടുബുക്കുകളും ഗ്ലൗസുകളും വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ആവശ്യവസ്തുക്കൾ സമാഹരിച്ച് നൽകിയുമാണ് വിദ്യാർത്ഥികൾ മാതൃകയായത്. മുണ്ട്, തോർത്ത്, സോപ്പ്, പേസ്റ്റ്, ബിസ്ക്കറ്റ്, അരി, കുപ്പിവെള്ളം, പലവ്യജ്ഞനങ്ങൾ, സാനിട്ടറി നാപ്കിൻ തുടങ്ങിയവയാണ് വിദ്യാർത്ഥികൾ സമാഹരിച്ച് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രത്തിൽ എത്തിച്ചത്. കഴിഞ്ഞ പത്താംതീയതി മുതൽ കോട്ടയത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യ സാധനങ്ങളും പുതുവസ്ത്രങ്ങളും എത്തിക്കുന്നതിനൊപ്പം ശുചീകരണത്തിനും ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികൾ പങ്കാളികളായിരുന്നു. റെഡ് ക്രോസ് ടവറിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനങ്ങളിലും വെള്ളൂർ സ്കൂളിലെ എൻ.എസ്.എസ് അംഗങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കഴിഞ്ഞവർഷത്തെ മഹാപ്രളയകാലത്ത് പതിനായിരത്തോളം നോട്ടുബുക്കുകൾ വിതരണം ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ മാതൃകാപരമായ സന്നദ്ധസേവനത്തിൽ പ്രിൻസിപ്പൽ രതീഷ് ജെ.ബാബു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജി. മനോജ് കുമാർ, പി.ടി.എ പ്രസിഡന്റ് പി.ടി. രംഗനാഥൻ എന്നിവരും മറ്റ് അദ്ധ്യാപകരും പങ്കാളികളായി.