പാലാ : ബസ് സ്റ്റാൻഡിൽ ഓഫീസിനെന്ന പേരിൽ നിസാര വാടകയ്ക്ക് ബസുടമകൾ മുറി ഒപ്പിച്ചത് കൗൺസിൽ തീരുമാനം കാറ്റിൽപ്പറത്തിയെന്നതിന് തെളിവ് കേരളകൗമുദിക്ക് ലഭിച്ചു. ഈ മുറി കച്ചവടാവശ്യത്തിന് ഉപയോഗിക്കാൻ പാടില്ലെന്നാണ് 2018 ഫെബ്രുവരി 2ലെ കൗൺസിൽ തീരുമാനമെടുത്തത്. ഓഫീസ് പ്രവർത്തനത്തിന് മാത്രമേ മുറി ഉപയോഗിക്കാവൂ എന്ന നിബന്ധയോടെയാണ് മുറി അനുവദിച്ചത്. എന്നാൽ ഇതു മറച്ചുവച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, ഇവിടെ കച്ചവട ആവശ്യത്തിനായി (വറ പൊരി കച്ചവടം) നഗരസഭയിൽ നിന്ന് ലൈസൻസ് സംഘടിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തിൽ നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ച പറ്റിയതായി ഭരണപക്ഷ കൗൺസിലർ ടോണി തോട്ടം കുറ്റപ്പെടുത്തി. ടോണി മുനിസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം നൽകിയ ഇത് സംബന്ധിച്ച് പരാതിയും നൽകിയിരുന്നു.

എന്നാൽ കച്ചവടാവശ്യത്തിനെന്നു പറഞ്ഞാണ് ലൈസൻസ് എടുത്തത് എന്നായിരുന്നു ബസുടമകളുടെ നിലപാട്. ഇവരെ അനുകൂലിക്കുന്ന സമീപനമാണ് ചെയർപേഴ്‌സൺ ബിജി ജോജോയും സ്വീകരിച്ചത്. കുപ്പിവെള്ളവും, ടിക്കറ്റ് മെഷീൻ ഉപകരണങ്ങളുമാണ് വിൽക്കുന്നതെന്നാണ് ബസുടമകൾ തന്നോടു പറഞ്ഞതെന്നായിരുന്നു ചെയർപേഴ്‌സന്റെ വിശദീകരണം. സംഭവം വാർത്തയായതോടെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ മുനിസിപ്പൽ ആരോഗ്യ വിഭാഗത്തെ ചെയർപേഴ്‌സൺ ചുമതലപ്പെടുത്തി. ഭക്ഷണ വിഭവ കച്ചവടത്തിനായി ലൈസൻസ് നൽകിയത് മുനിസിപ്പൽ ആരോഗ്യ വിഭാഗമാണെങ്കിലും ഇതിനുള്ള ചരടുവലികൾ നടത്തിയത് റവന്യൂ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരാണെന്ന് പറയപ്പെടുന്നു.