കോട്ടയം: ഈരയിൽക്കടവ് റോഡ് റേസിംഗ് ട്രാക്കാക്കി യുവാക്കളുടെ ഫോട്ടോ ഷൂട്ട്. ബൈക്ക് വീൽചെയ്‌തും, സ്റ്റണ്ടിംഗ് നടത്തിയുമാണ് യുവാക്കളുടെ സംഘം റോഡിനെ റേസിംഗ് ട്രാക്കാക്കി മാറ്റുന്നത്. ബൈക്കിന്റെ മുൻ ചക്രങ്ങൾ ഉയർത്തിയും, വട്ടം കറക്കിയും റോഡിൽ വച്ച് ഫോട്ടോയെടുക്കുന്നതാണ് ബൈക്കിൽ വട്ടം കറങ്ങുന്ന ഫ്രീക്കൻമാരുടെ പ്രധാന ഹോബി. പൊലീസിന്റെ പരിശോധന ശക്തമായതോടെ ഇടക്കാലത്ത് ഈ സംഘങ്ങൾ സാഹസിക അഭ്യാസങ്ങൾ കുറച്ചെങ്കിലും വീണ്ടും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈരയിൽക്കടവിൽ നിന്നും മോട്ടോർ വാഹന വകുപ്പ് സംഘം നാല് സാഹസിക വിനോദക്കാരായ ബൈക്കുകാരെ പിടികൂടിയിരുന്നു. തുടർന്ന് ഇവരുടെ നാലു ബൈക്കുകളും പിടിച്ചെടുത്ത് പൊലീസിനു കൈമാറുകയും ചെയ്‌തിരുന്നു. ബൈക്കിലെ അഭ്യാസ പ്രകടനങ്ങൾ പരിധിവിട്ടതോടെ ഇന്നലെ മുഴുവൻ സമയവും ഈരയിൽക്കടവ് റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ പൊലീസ് കൺട്രോൾ റൂം വാഹനങ്ങൾ സജീവമായുണ്ടായിരുന്നു. അതുകൊണ്ടു തന്നെ റോഡിലെ അഭ്യാസക്കാരുടെ പ്രകടനങ്ങൾ ഇന്നലെ റോഡിൽ കുറവുണ്ടായിരുന്നു. വരും ദിവസങ്ങളിലും മോട്ടോർ വാഹന വകുപ്പും പൊലീസും ഈരയിൽക്കടവ് റോഡിൽ ശക്തമായ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം അറിയിച്ചു.