ചങ്ങനാശേരി : ങ്ങനാശേരി ഏനാചിറ അല്ലിമംഗലം വീട്ടിൽ കണ്ണനും വധു സ്വാതിയും കതിർമണ്ഡപത്തിൽ നിന്ന് നേരെ പോയത് ദുരിതബാധിതരെ സഹായിക്കാൻ. പുതുജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പിൽ ദു:ഖം പേറുന്നവരെ ചേർത്തു നിറുത്തി ഇവർ പുതുതലമുറയ്ക്ക് മാതൃകയായി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് കലാലയ സൗഹൃദ കൂട്ടായ്മയായ ഓർമ്മക്കൂടും മറ്റ് സന്നദ്ധസംഘടനകളും ചേർന്ന് പ്രളയ ബാധിതരെ സഹായിക്കാൻ ഒരുക്കിയ ഉദ്യമത്തിൽ പങ്കുചേർന്നാണ് കണ്ണനും സ്വാതിയും പ്രളയ ബാധിതർക്ക് സഹായം കൈമാറിയത്. കഴിഞ്ഞ മഹാപ്രളയത്തിൽ കുട്ടനാട്ടിൽ അകപ്പെട്ട നിരവധി ജീവനുകളെ ചങ്ങനാശേരിയിലേക്ക് ടോറസ് ലോറികളിലെത്തിക്കുന്നതിനും ആംബുലൻസ് സൗകര്യവും ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിക്കുന്നതിനും കണ്ണൻ നടത്തിയ പ്രവർത്തനങ്ങളെ ചങ്ങനാശേരി ചാരിറ്റി വേൾഡ് അടക്കം നിരവധി സന്നദ്ധ സംഘടനകൾ ആദരിച്ചിരുന്നു. ഇത്തവണയും വെള്ളപ്പൊക്ക ദുരിതാശ്വാസ സമയത്ത് വിവാഹത്തിരക്കുകളിൽ നിന്നും മാറി ദുരിതബാധിതർക്ക് കൈത്താങ്ങ് ആകുന്നതിനും കണ്ണൻ മുന്നിട്ടിറങ്ങിയിരുന്നു. വയനാട് ചാലിഗത ഊരിലെ 50 കുടുംബങ്ങൾക്കുള്ള സഹായം കണ്ണനും സ്വാതിയും ചങ്ങനാശ്ശേരിയിലെ കളക്ഷൻ സെന്ററിൽ എത്തി കൈമാറിയത്. കണ്ണന് സമ്മാനമായി കിട്ടിയ സ്വർണ മോതിരവും നൽകി. എസ്.എൻ.ഡി.പി യോഗം 59-ാം നമ്പർ ഏനാചിറ ശാഖയുടെ സെക്രട്ടറിയും യൂത്ത്മൂവ്മെന്റ് കൗൺസിൽ അംഗവുമായ കണ്ണൻ രാജേന്ദ്രൻ - രേണുക ദമ്പതികളുടെ മകനാണ്.